കൊച്ചി: അശ്ലീല അധിക്ഷേപങ്ങൾ നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരേ നടി ഹണി റോസ് പരാതി നൽകി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. പരാതി നൽകിയ വിവരം ഹണി റോസ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരേ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരേ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരേയുള്ള പരാതികൾ പുറകേയുണ്ടാവും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു. എന്ന് പരാതി നൽകിയ ശേഷം ഹണി റോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.കഴിഞ്ഞ ദിവസമാണ് തനിക്കെതിരേ ഒരാൾ സാമൂഹിക മാധ്യമങ്ങളിലൂടെ ദ്വയാർഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഹണി റോസ് രംഗത്തെത്തിയത്. ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ദ്വയാർഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാൽ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിൻ്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ പ്രതികാരമെന്നോണം സോഷ്യൽ മീഡിയയിൽ തന്റെ പേര് മന:പൂർവം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകൾ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നായിരുന്നു ഹണി റോസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. പേര് പരാമർശിക്കാതെയായിരുന്നു ഹണി റോസിന്റെ കുറിപ്പ്.