ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന ബില്ലിനാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ രാം നാഥ് കോവിന്ദ് സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
2029 ഓടെ രാജ്യത്ത് നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയാക്കാനാണ് ബില്ലില്‍ ലക്ഷ്യമിടുന്നത്. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാണ്, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനായി ഒറ്റ വോട്ടര്‍പട്ടികയും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും വേണം.
വിശദമായ ചർച്ചകൾക്കായി ബിൽ പാർലമെന്ററി കമ്മിറ്റിക്ക് വിടും. ബില്ലില്‍ സമയവായത്തിനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചു. സംസ്ഥാന നിയമസഭ സ്പീക്കര്‍മാരുമായി കൂടിയാലോചന നടത്താനും സർക്കാർ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കലിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല എന്നാണ് സമിതി ശുപാര്‍ശയില്‍ പറയുന്നത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന വിഷയം ആയതിനാല്‍, ആ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കുന്നതിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമായി വരും.