കോഴിക്കോട് : വര്‍ധിച്ചുവരുന്ന ഭാര്യാഭര്‍തൃ ബന്ധത്തിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനും അയല്‍പക്ക ബന്ധങ്ങള്‍ കുറ്റമറ്റതാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള വാര്‍ഡ്തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
മറ്റു ജില്ലകളില്‍ എന്നപോലെ കോഴിക്കോടും തകരുന്ന ഭാര്യാഭര്‍തൃ ബന്ധങ്ങള്‍ വ്യക്തമാക്കുന്ന കൂടുതല്‍ കേസുകള്‍ വരുന്നുണ്ട്. വിവാഹശേഷം ചുരുങ്ങിയ കാലം ഒരുമിച്ച് ജീവിച്ചശേഷം സൗന്ദര്യം പോര, സ്വര്‍ണം വേണ്ടത്രയില്ല എന്നീ കാരണങ്ങള്‍ പറഞ്ഞ് ഭര്‍ത്താവ് ഉപദ്രവിക്കുന്നതായുള്ള പരാതികള്‍ കൂടുന്നു. ഇതിനെതിരെ വാര്‍ഡ് തലത്തില്‍ ബോധവല്‍ക്കരണവും കൗണ്‍സലിംഗും നടത്തേണ്ടതുണ്ട്. ഇത്തരം സംഭവങ്ങളുടെ തിക്തഫലം അനുഭവിക്കുന്നത് കുട്ടികള്‍ ആണെന്നതിനാല്‍ അവര്‍ക്ക് പ്രത്യേക കൗണ്‍സലിംഗ് നല്‍കണം. ഇത് പോലുള്ള സംഭവങ്ങള്‍ വിവാഹപൂര്‍വ കൗണ്‍സലിംഗിന്റെ അനിവാര്യത അടിവരയിടുന്നതാണ്. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ വരനും വധുവും വിവാഹപൂര്‍വ കൗണ്‍സലിംഗ് നേടിയിട്ടുണ്ട് എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നത് നല്ലതായിരിക്കും.
അയല്‍പക്കങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വാര്‍ഡുതല ജാഗ്രതാസമിതികളില്‍ നിന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടുക. വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കണം. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ആണ് മറ്റൊരു പ്രധാന പ്രശ്‌നം. പത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളില്‍ പരാതിപരിഹാര സംവിധാനം വേണമെന്ന നിയമം പാലിക്കപ്പെടുന്നില്ല. എല്ലാ ജില്ലകളിലും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രാദേശികതല പരാതി പരിഹാര സംവിധാനം ഉണ്ടെങ്കിലും അവ കാര്യക്ഷമമല്ല. ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.ബുധനാഴ്ചത്തെ സിറ്റിങ്ങില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. 65 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ആകെ 82 പരാതികളാണ് പരിഗണനയ്ക്കു വന്നത്.വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ റീന സുകുമാര്‍, ജമിനി, അഭിജ, കൗണ്‍സലര്‍മാരായ ജിന്‍സി, ജിഷ, വനിതാ പോലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീ എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.