Latest News From Kannur

കൊട്ടിയൂർ വൈശാഖ മഹോത്സവം: നെയ്യാമൃത് വ്രതക്കാർ നാളെ (19/5/24) യാത്ര തിരിക്കും നെയ്യാട്ടം മെയ് 21 ന്

0

 

ചൊക്ലി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ പ്രധാന ചടങ്ങായ നെയ്യാട്ടം മെയ് 21 ന് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ സ്വയം ഭുവിൽ നടക്കുന്നതോടെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മഹോത്സവത്തിന് തുടക്കം കുറിക്കും. ഇതിനു മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് കഴിഞ്ഞ ദിവസം നടന്നു. വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യാമൃത് വ്രതക്കാർ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളുമായി നാളെ (19/5/24) നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും യാത്ര തിരിക്കുക. ഇരുവനാട് വില്ലിപാലൻ വലിയകുറുപ്പായ ഗോപി കുറുപ്പിൻ്റെ നേതൃത്വത്തിലുള്ള വിവിധ മഠങ്ങളിലെ നെയ്യാമ്യത് ഭക്തർ വിഷു പിറ്റേന്ന് മുതൽ കഠിനവൃതം നോറ്റാണ് സുപ്രധാന ചടങ്ങിന് നേതൃത്വം നൽകുന്നത്. നിടുമ്പ്രം, ചെമ്പ്ര, വയലളം, വടകര, തിരുമന, കണ്ണൂക്കര, ലോകനാർ കാവ്, എടച്ചേരി നോർത്ത്, ഓമന പള്ളൂർ, കോടിയേരി തുടങ്ങി 10 ഓളം മഠങ്ങളിൽ നിന്നായി 130 ൽ പരം വ്രതക്കാർ കഴിഞ്ഞ മൂന്നു ദിവസമായി നിടുമ്പ്രം നെള്ളകണ്ടി, ഇളത്തോടത്ത് സങ്കേതങ്ങളിലായിട്ടാണ് തങ്ങുന്നത്. 16 ന് കാലത്താണ് കലശം കുളിച്ച് മഠത്തിൽ പ്രവേശിച്ചത്. അന്നേ ദിവസം വൈകുന്നേരം നീരേഴുന്നള്ളത്തിന്നായി ഓംകാര മന്ത്രമുരുവിട്ട് എളന്തോടത്ത് മഠം കാരണവർ ഇ.വി.മാധവ കുറുപ്പിൻ്റെ നേതൃത്വത്തിൽ കരാറത്ത് ക്ഷേത്രത്തിൽ നിന്നും കലശ പാത്രം വില്ലിപാലൻ വലിയ കുറുപ്പായ കെ.വി.ഗോപി കുറുപ്പിന് കൈമാറി. നാളെ രാവിലെ ചൊക്ലിയിലെ നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും ഇരുവനാട് വില്ലിപാലൻ വലിയ കുറുപ്പിൻ്റെ നേതൃത്തിൽ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളും തലയിലേന്തി ഓംകാര മന്ത്രം ഉരുവിട്ട് കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര തിരിക്കും. ആദ്യ ദിവസം എടയാറ്റിലും രണ്ടാം ദിവസം മണത്തണയിലും തങ്ങുന്ന നെയ്യാമ്രത് വ്രതക്കാർ മെയ് 21 ന് ഉച്ചയോടെ കൊട്ടിയൂരിലെത്തും. വൈകുന്നേരം ഇക്കര കൊട്ടിയൂരിലെത്തുന്ന വാൾ വരവിനു ശേഷമാണ് അക്കര കൊട്ടിയൂരിലേക്ക് ഇരുവനാട് വില്ലിപ്പാലൻകുറുപ്പിൻ്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യാമൃത് ഭക്തർ കലശപാത്രവും കിണ്ടികളുമായി പ്രവേശിക്കുക. രാത്രി പത്തു മണിയോടെ നെയ്യാട്ടത്തിനായുള്ള ചടങ്ങുകൾ ആരംഭിക്കും. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖ മഹോത്സവത്തിന് ഇതോടെയാണ് തുടക്കം കുറിക്കുക. മെയ് 22ന് നടക്കുന്ന ഭണ്ഡാര എഴുന്നള്ളത്തോടെ സ്ത്രീകൾ ഉൾപ്പെടെയുളള ഭക്തർ അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കും. 29 ന് തിരുവോണം ആരാധന, ഇളനീർവയ്‌പ്, 30 ന് ഇളനീരാട്ടം, അഷ്ടമി ആരാധന, ജൂൺ 2 ന് രേവതി ആരാധന, 6 ന് രോഹിണി ആരാധന, 8 ന് തിരുവാതിര ചതുശതം, 9 ന് പുണർതം ചതുശതം, 11 ന് ആയില്യം ചതുശതം. 13 ന് മകം കലം വരവ്, 16 ന് അത്തം ചതുശതം, വാളാട്ടം, കലശപൂജ എന്നിവയാണ് മറ്റ് പ്രധാന ഉത്സവ ദിന ചടങ്ങുകൾ. 17 ന് തൃക്കലശാട്ടോടെയാണ് വൈശാഖ മഹോത്സവം സമാപിക്കുക.

Leave A Reply

Your email address will not be published.