തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട് ആണെന്ന സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഒരു കറുത്ത പാടും ഏറ്റിട്ടില്ല. കരുവന്നൂരിൽ ചില തെറ്റായ പ്രവണതകൾ ഉണ്ടായിട്ടുണ്ട്. അത് പരിഹരിച്ചുവെന്ന് ഗോവിന്ദൻ പറഞ്ഞു.
പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. ശരിയായ ദിശയിലേക്ക് കൊണ്ടുവരും. ശരിയല്ലാത്ത നിലപാടിനെ ശരിയല്ലെന്ന് തന്നെ പറയുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട് ആണെന്നാണ് സ്പീക്കർ എഎൻ ഷംസീർ അഭിപ്രായപ്പെട്ടത് . സഹകരണ മേഖലയിൽ ചില തെറ്റായ പ്രവണതകൾ കടന്നുകയറിയിട്ടുണ്ട്. സഹകാരികൾക്ക് നല്ലനിലയിലുള്ള ജാഗ്രത വേണം. അടിക്കാനുള്ള വടി നമ്മൾ തന്നെ ചെത്തിയിട്ടു കൊടുക്കരുതെന്നും എ എൻ ഷംസീർ പറഞ്ഞു.പട്ടുവം സർവിസ് സഹകരണ ബാങ്ക് കാർഷികമേഖലയിൽ നടപ്പാക്കുന്ന നൂതനപദ്ധതികളും സ്നേഹസ്പർശം ക്ഷേമപദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ഭാഗത്ത് സഹകരണ മേഖലയെ ലക്ഷ്യമിട്ടുകൊണ്ട്, കേരളത്തിന്റെ സമ്പദ് ഘടനയെ എങ്ങനെ തകർക്കാൻ എന്താണ് വഴി എന്നു നോക്കിക്കൊണ്ടുള്ള ശ്രമം നടക്കുന്നുണ്ട്. അപ്പോഴാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഒരുഭാഗത്ത് വരുന്നതെന്ന് ഷംസീർ പറഞ്ഞു.