കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടത്തുന്ന പ്രവാസി പുനരധിവാസ വായ്പ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി കണ്ണൂർ ജില്ലയിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ പട്ടികവിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരും, 18 നും 60 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം അനുസരിച്ചാണ് വായ്പകൾ നൽകുക. ആറ് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള അപേക്ഷകർക്ക് അഞ്ച് ലക്ഷം രൂപയും, ആറ് മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ള അപേക്ഷകർക്ക് 10 ലക്ഷം രൂപയും 15 മുതൽ 20 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക 20 ലക്ഷം രൂപയുമാണ് പരമാവധി വായ്പ നൽകുക.
താൽപര്യമുള്ള അപേക്ഷകർ അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ കണ്ണൂർ ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാർഷിക വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് കൂടി ഉള്ളടക്കം ചെയ്യണം. ഫോൺ: 0497 2705036, 9400068513