അനന്തപുരി എഫ്എം ഇനി ഇല്ല, പ്രസാർഭാരതിയുടെ അപ്രതീക്ഷിത നീക്കം; കോഴിക്കോട് റിയൽ എഫ്എം നിലയവും നിലയ്ക്കും
തിരുവനന്തപുരം: തിരുവനന്തപുരത്തെ അനന്തപുരി എഫ്എമ്മിന്റെ പ്രക്ഷേപണം നിർത്തി. മീഡിയം വേവ് പ്രസരണികളുള്ള സ്ഥലങ്ങളിലെ പ്രാദേശിക വിനോദ ചാനലുകളായ എഫ്എം സ്റ്റേഷനുകൾ പ്രസാർഭാരതി നിർത്തിയിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് അനന്തപുരി എഫ്എം അടച്ചുപൂട്ടിയത്. കോഴിക്കോട് റിയൽ എഫ്എം നിലയവും വൈകാതെ നിലയ്ക്കും.നിലവിൽ ഈ ചാനലുകളിൽ പ്രക്ഷേപണം ചെയ്യുന്ന പ്രധാന പരിപാടികൾ ആകാശവാണി നിലയങ്ങളിലൂടെ എഫ്എം ഫ്രീക്വൻസി വഴി കേൾക്കാം. തിരുവനന്തപുരത്ത് മറ്റൊരു എഫ്എം പ്രസരണി കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇന്നലെ പ്രക്ഷേപണം അവസാനിപ്പിക്കാനുള്ള നിർദ്ദേശമെത്തിയപ്പോഴാണ് തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർപോലും വിവരമറിഞ്ഞത്. 2005ൽ കേരളപ്പിറവി ദിനത്തിലാണ് പ്രവർത്തനം തുടങ്ങിയത്. ലക്ഷക്കണക്കിന് ശ്രോതാക്കളുള്ള എഫ്എമ്മിന്റെ അപ്രതീക്ഷ അടച്ചുപൂട്ടലിനെതിരെ പ്രതിഷേധം ശക്തമാണ്. വിനോദത്തിനൊപ്പം ജനോപകാരപ്രദമായ കൂടുതൽ പരിപാടികൾ ഉൾക്കൊള്ളിക്കുന്ന നയത്തിന്റെ ഭാഗമായാണ് പ്രക്ഷേപണം നിർത്തിയതെന്നാണ് അധികൃതർ പറയുന്നത്.