Latest News From Kannur

രണ്ട് മാസം മുൻപ് നായയുടെ നഖം കൊണ്ടു മുറിഞ്ഞു; പേവിഷബാധയേറ്റു ഒൻപതുകാരന് ദാരുണാന്ത്യം

0

കൊല്ലം: പേവിഷബാധയേറ്റു ചികിത്സയിലായിരുന്ന ഒൻപതു വയസുകാരൻ മരിച്ചു. ശാസ്താംകോട്ടയ്ക്ക് സമീപം പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസലാണു മരിച്ചത്. കഴിഞ്ഞ മാർച്ചിലാണു കുട്ടിക്കു നായയുടെ നഖം കൊണ്ടു പോറലേറ്റത്. ഭയം കാരണം ആശുപത്രിയിൽ പോകുകയോ പ്രതിരോധ കുത്തിവയ്പുകൾ എടുക്കുകയോ ചെയ്തില്ല.

 

ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ ഒരാഴ്ച മുൻപ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനി പുലർച്ചെയോടെയാണു മരണം സംഭവിച്ചത്.

കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപ്പൂപ്പൻ ചെല്ലപ്പൻ, മുത്തശ്ശി ലീല എന്നിവർക്ക് കഴിഞ്ഞ ദിവസം അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. നില മോശമായതിനെ തുടർന്ന് ചെല്ലപ്പനെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റിയതായാണു വിവരം. ഇവർക്കു കടിയേറ്റതായി സൂചനയുണ്ട്.

ഏഴാം മൈൽ സെന്റ് തോമസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണു മരിച്ച ഫൈസൽ. അമ്മയുടെ ബന്ധുക്കൾക്കൊപ്പമാണു ഫൈസൽ താമസിച്ചിരുന്നത്. കുട്ടിയുടെ പിതാവ് തിരുവനന്തപുരത്ത് നെടുമങ്ങാടാണു കഴിയുന്നത്. അവിടെ കുറച്ചു ദിവസം താമസിച്ച് മടങ്ങിയെത്തിയ ശേഷമാണു കുട്ടിക്ക് അസ്വസ്ഥതകൾ തുടങ്ങിയത്.

Leave A Reply

Your email address will not be published.