കണ്ഠരര് രാജീവരുമായി അടുത്ത ബന്ധം, ശബരിമലയില്‍ പോറ്റി ശക്തനായത് തന്ത്രിയുടെ പിന്‍ബലത്തില്‍; കടകംപള്ളിയുമായും പരിചയം; പത്മകുമാറിന്റെ മൊഴി
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയത് തന്ത്രി കണ്ഠരര് രാജീവരുടെ അറിവോടെയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി രാജീവര്‍ക്ക് അടുത്ത ബന്ധമെന്നും പത്മകുമാറിന്റെ മൊഴിയില്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണ്. അതുകൊണ്ടാണ് പോറ്റിയെ വിശ്വസിച്ചതും കൂടുതല്‍ അടുപ്പം കാട്ടിയതും. പോറ്റി ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലെന്നും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നേരത്തെ പരിചയമുണ്ടെന്ന് പോറ്റി തന്നോട് പറഞ്ഞിട്ടുണ്ടെന്നും പത്മകുമാറിന്റെ മൊഴിയില്‍ പറയുന്നു. കസ്റ്റഡിയിലുള്ള പത്മകുമാറിനെ ഇന്ന് കൊല്ലം കോടതിയില്‍ ഹാജരാക്കും.
കട്ടിളപ്പാളിയും ദ്വാരപാലക ശില്‍പ്പങ്ങളും സ്വര്‍ണ്ണം പൂശാനായി സന്നിധാനത്ത് നിന്ന് ചെന്നൈയിലേക്ക് കൊടുത്തുവിടുന്നതിന് തന്ത്രിമാര്‍ അനുമതി നല്‍കിയിരുന്നുവെന്നും പത്മകുമാര്‍ മൊഴി നല്‍കി. ശബരിമലയില്‍ സ്‌പോണ്‍സര്‍ ആകാന്‍ പോറ്റി സര്‍ക്കാരില്‍ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തില്‍ പത്മകുമാര്‍ കൃത്യമായ ഉത്തരം നല്‍കിയില്ല. ഗോള്‍ഡ് പ്ലേറ്റിംഗ് വര്‍ക്കുകള്‍ സന്നിധാനത്ത് ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. കട്ടിളപ്പാളികള്‍ കൊണ്ടുപോകുന്നതിനു മുന്‍പ് മുന്‍ ഭരണസമിതിയുടെ കാലത്തും ക്ലാഡിങ് വര്‍ക്കുകള്‍ പുറത്ത് കൊണ്ട് പോയി നടത്തിയിട്ടുണ്ടെന്നും പത്മകുമാര്‍ വിശദീകരിച്ചു.
അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. എന്നാല്‍ ശബരിമലയിലുള്ള തന്റെ മുറിയില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി താമസിച്ചതും ആറന്മുളയിലെ വീട്ടില്‍ സന്ദര്‍ശിച്ചതും പത്മകുമാര്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചു. സൗഹൃദ സന്ദര്‍ശനം ആയിരുന്നു ഇവയെന്നാണ് പത്മകുമാറിന്റെ മൊഴിയില്‍ പറയുന്നത്.