കാസർകോട് : കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. ചിത്താരി സബ് എഞ്ചിനീയർ സുരേന്ദ്രനാണ് പിടിയിലായത്. വീടിന്റെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കുന്നതിന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. കാസർകോട് വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. കാസർകോട് പൂച്ചക്കാട് സ്വദേശിയാണ് പരാതിക്കാരൻ.
പരാതി നൽകിയയാൾ മുക്കൂട് പുതിയതായി പണികഴിപ്പിച്ച വീടിന്റെ താത്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷൻ ആക്കുന്നതിനായി അപേക്ഷ നൽകിയത് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിലാണ്. ഓൺലൈനായാണ് അപേക്ഷ നൽകിയത്. ഇതേതുടർന്ന് സുരേന്ദ്രൻ സ്ഥലത്തെത്തി പരിശോധന നടത്തി, നടപടികൾ പൂർത്തിയാക്കാൻ ആവശ്യമായ തുകയ്ക്ക് പുറമേ മൂവായിരം രൂപ നൽകണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം.
പരാതിക്കാരൻ ഈ വിവരം വിജിലൻസിൽ അറിയിച്ചു. വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി ലഭിച്ചതോടെ ഉദ്യോഗസ്ഥൻ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരെ ചിത്താരിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസിന് മുന്നിൽവച്ച് ഇയാൾ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് പിടിയിലായത്. ഇയാളെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.