Latest News From Kannur

മരുമകനായതുകൊണ്ട് ഒരാള്‍ക്ക് വേദിയില്‍ ഇടം കിട്ടുമോ?; റിയാസ് ആത്മരോഷം പ്രകടിപ്പേക്കണ്ടത് അമ്മായി അപ്പനോടെന്ന് കെ. സുരേന്ദ്രന്‍

0

തൃശൂര്‍ : വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ ഇടം കിട്ടാത്തതില്‍ മന്ത്രി മുഹമ്മദ് റിയാസ് ആത്മരോഷം പ്രകടിപ്പിക്കേണ്ടത് മോദിയോടോ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനോടോ അല്ല, സ്വന്തം അമ്മായി അപ്പനോടാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മരുമകനായതുകൊണ്ട് ഒരാള്‍ക്ക് വേദിയില്‍ ഇടം കിട്ടുമോയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ബിജെപി അധ്യക്ഷന്‍ വിഴിഞ്ഞം ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തത് കേരള സര്‍ക്കാരിന്റെ ഔദാര്യത്തിലല്ലെന്നും തൃശൂരില്‍ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു

‘പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒരു ഔദാര്യത്തിലുമല്ല, മുന്‍ കേന്ദ്രമന്ത്രിയായിട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. അദ്ദേഹത്തെ കേന്ദ്ര സര്‍ക്കാരാണ് ഉദ്ഘാടന ചടങ്ങില്‍ നിശ്ചയിച്ചത്. ഇവിടെ ഏത് ബിജെപി അധ്യക്ഷന്‍മാര്‍ വന്നാലും പരിഹസിച്ചും കളിയാക്കിയും അവരെ വായടിപ്പിക്കുകയെന്ന തന്ത്രമാണ് കുറച്ചുകാലമായി കേരളത്തില്‍ നടക്കുന്നത്. അതൊന്നും വകവെച്ച് കൊടുക്കാനാവില്ല. എസ്പിജിയുടെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രധാനമന്ത്രി എത്തുന്നതിന് ഏതാണ്ട് ഒരു മണിക്കൂര്‍ മുന്‍പ് സദസ്സിലും വേദിയിലും ഉള്ളവര്‍ എത്തേണ്ടതാണ്. അത്രമാത്രമേ രാജീവ് ചന്ദ്രശേഖരന്‍ ചെയ്തിട്ടുള്ളു. അതിന് ശേഷം ബ്രിട്ടാസും വിന്‍സെന്റും റഹീമുമെല്ലാം വന്നു. എന്നാല്‍ അതൊന്നും വിമര്‍ശകര്‍ കണ്ടില്ലല്ലോ?. ജനാധിപത്യവിരുദ്ധമായ പ്രവൃത്തി ആര് ചെയ്താലും അതിനെ എതിര്‍ക്കും. രാജീവ് ചന്ദ്രശേഖര്‍ മുദ്രാവാക്യമല്ല ഭാരത് മാതാ കി ജയ് ആണ് വിളിച്ചത്. പിണറായി വിജയന്‍ ഒഴികെ എല്ലാവരും വിളിക്കുന്നതാണത്. മന്ത്രി വിഎന്‍ വാസവന്‍ എല്‍ഡിഎഫിന്റെ മുദ്രാവാക്യം വിളിച്ചപ്പോള്‍ ബിജെപി അധ്യക്ഷനെ വിമര്‍ശിച്ചവര്‍ എവിടെയായിരുന്നു’- സുരേന്ദ്രന്‍ ചോദിച്ചു.മുഖ്യമന്ത്രിയുടെ മരുമകനായതുകൊണ്ട് വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഹമ്മദ് റിയാസിന് പങ്കെടുക്കാന്‍ പറ്റുമോ?. മരുമോനായത് കൊണ്ട് മാത്രം വേദിയില്‍ ഇരിക്കാനാവില്ലെന്ന് റിയാസ് മനസിലാക്കണം. അദ്ദേഹത്തിന്റെ വിഷമം എല്ലാവര്‍ക്കും മനസിലാകും. അയാള്‍ ആത്മരോഷം പ്രകടിപ്പിക്കേണ്ടത് മോദിയോടോ, ബിജെപിയോടോ, രാജീവ് ചന്ദ്രശേഖറിനോടോ ആല്ല. അമ്മായി അപ്പനോടാണ്’. കേരളത്തിന്റെ അഭിമാനമായ ചടങ്ങില്‍ നിന്നും വിട്ടു നിന്ന പ്രതിപക്ഷം ആത്മഹത്യപരമായ സമീപനമാണ് സ്വീകരിച്ചത്. തലയില്‍ ആള്‍ താമസം ഇല്ലാത്തയാളാണ് താനെന്ന് വിഡി സതീശന്‍ വീണ്ടും തെളിയിച്ചു. വിഴിഞ്ഞം ചടങ്ങ് യുഡിഎഫ് ബഹിഷ്‌ക്കരിച്ചത് ആന മണ്ടത്തരമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.