മുംബൈ: മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജി.ബി.എസ്) എന്ന അപൂര്‍വരോഗബാധ വര്‍ധിക്കുന്നു. പൂനെയിലാണ് രോഗം പടരുന്നത്. പുതുതായി 37 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ രോഗബാധിതരുടെ എണ്ണം 67 ആയി ഉയര്‍ന്നു. പൂനെ, പിംപ്രി- ചിഞ്ച് വാഡ് മേഖലകളിലാണ് രോഗം പടരുന്നത്. നാഡികളെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ച 59 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രോഗപ്പകര്‍ച്ചയുടെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.
രോഗബാധയുള്ള 21 പേരുടെ സാംപിളുകള്‍ പരിശോധിച്ചപ്പോള്‍, നോറോ വൈറസ്, കാംപിലോബാക്ടര്‍ ജെജുനി ബാക്ടീരിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം കണ്ടെത്തിയവരുടെ രക്ത, സ്രവ സാംപിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് സര്‍വെ നടത്തുമെന്നും, മേഖലയിലെ കുടിവെള്ളം അടക്കം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.വയറുവേദന, അതിസാരം, കൈകാലുകള്‍ക്ക് ബലക്ഷയം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. നാഡിയുടെ പ്രവര്‍ത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന രോഗം പക്ഷാഘാതത്തിനും കാരണമായേക്കാം. രക്തവും തൊണ്ടയിലെ സ്രവവുമാണ് രോഗനിര്‍ണയ പരിശോധനയ്ക്ക് എടുക്കുക. രോഗവ്യാപനത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി.