Latest News From Kannur

കുരുക്ക്ഴിച്ചു; വളപട്ടണം-പാപ്പിനിശ്ശേരി റൂട്ടിലെ ഗതാഗത പരിഷ്‌കരണം തുടരും

0

രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കുന്നതിൽ വലിയ വിജയം കണ്ടതിനാൽ വളപട്ടണം-പാപ്പിനിശ്ശേരി റൂട്ടിൽ ജനുവരി മൂന്ന് മുതൽ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണം തുടരാൻ തീരുമാനം. കെ. വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന ജില്ലാതല യോഗവും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗവും ഇക്കാര്യം അംഗീകരിച്ചതായി എം.എൽ.എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഇത് പ്രകാരം പാപ്പിനിശ്ശേരി കോട്ടൺസ് റോഡ്‌ വൺവെ ആയി തുടരും.
കണ്ണൂർ ഭാഗത്തു നിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ വളപട്ടണം പാലം കഴിഞ്ഞ് പഴയങ്ങാടി റൂട്ടിലേക്ക് കയറി കോട്ടൺസ് റോഡ് വഴി ചുങ്കം പാപ്പിനിശ്ശേരി വഴി തളിപ്പറമ്പ് ഭാഗത്തേക്ക് പോവുന്ന രീതിയിലുള്ള പരിഷ്കാരത്തിലൂടെ വളപട്ടണം പാലത്തിലെ ഗതാഗതക്കുരുക്ക് ഇല്ലാതായി. കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടിയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നിലവിലുള്ളത് പോലെ കെഎസ്ടിപി റോഡ് വഴി തന്നെയാണ് പോകുന്നത്. തളിപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ദേശീയപാതയിലൂടെ നേരെ വൺവേ ആയി കണ്ണൂരിലേക്ക് പോകുന്നതിനാൽ ഈ ഭാഗത്തും തിരക്കൊഴിഞ്ഞു . തളിപ്പറമ്പിൽനിന്ന് വന്ന് പഴയങ്ങാടിയിലേക്ക് പോവുന്ന വാഹനങ്ങൾ വളപട്ടണം പാലത്തിന് മുമ്പായി പഴയങ്ങാടി റോഡിൽ കയറി കെഎസ്ടിപി റോഡ് വഴിയാണ് പോകുന്നത്. പഴയങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂരിലേക്ക് പോവാനും തളിപ്പറമ്പിലേക്ക് പോവാനും കോട്ടൺസ് റോഡ് വഴി ചുങ്കത്ത്‌നിന്ന് ദേശീയപാതയിലേക്ക് കയറുന്ന രീതിയിലാണ് പരിഷ്കാരം നടപ്പിലാക്കിയത്.
ഇതിനായി പോലീസും ആർ. ടി .ഒയും ജനപ്രതിനിധികളും നടത്തിയ നിരന്തരമായ പ്രയത്നത്തെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ബസ്സുടമകളും ഓട്ടോ ഡ്രൈവർമാരും ഉൾപ്പെടെ അഭിനന്ദിച്ചു.
പഴയങ്ങാടി റോഡ് ജംഗ്ഷനിലും കോട്ടൺസ് റോഡിലും കൂടുതൽ പോലീസിനെ വിന്യസിക്കും. സ്ഥിരമായ ഡിവൈഡറുകളും സൂചന ബോർഡുകളും സ്ഥാപിക്കും.
കോട്ടൺസ് റോഡിൽ വലിയ ചരക്ക് വാഹനങ്ങൾ ദിവസങ്ങളോളം നിർത്തിയിടുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാൽ ഇത് ഒഴിവാക്കാൻ സ്ഥാപന ഉടമകൾക്ക് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നോട്ടീസ് നൽകും. വലിയ വാഹനങ്ങൾ ചരക്ക് ഇറക്കി പോവണം എന്ന് നിർദ്ദേശിക്കും. പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെ പരാതികൾ പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ തുടർച്ചയായി പുതിയതെരുവിലെ ഗതാഗതക്കുരുക്കഴിക്കുന്നതിനായി നടപ്പിലാക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ച് പഠിക്കാൻ ജില്ലാതല യോഗത്തിൽ ആർ.ടി.ഒക്ക് എഡി.എം. സി. പദ്മചന്ദ്ര കുറുപ്പ് നിർദേശം നൽകി. ഇതിന്റെ ഭാഗമായി ചിറക്കലിൽ യോഗം വിളിച്ചു ചേർക്കുമെന്ന് എം.എൽ.എ അറിയിച്ചു.
കെ. വി. സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, വൈസ് പ്രസിഡന്റ് പി. പ്രദീപൻ, കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ, വളപട്ടണം സി. ഐ ടി.പി. സുമേഷ്, എസ്‌.ഐ. പി. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി എൻ. പ്രീജിത്ത്, ബസ് ഓണേഴ്സ് യൂനിയൻ ഭാരവാഹികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.