പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ; അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി,ഉത്തരവ് പുറത്തിറക്കി
പത്തനംതിട്ട: പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന തീർഥാടകർക്കെതിരെ കർശന നടപടിയുമായി അധികൃതർ. ഇനി പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ ഈടാക്കും. പിഴ അടയ്ക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടിയും സ്വീകരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ശബരിമല എ.ഡി.എം. പുറത്തിറക്കി.
കഴിഞ്ഞ തീർഥാടനകാലത്ത് പമ്പയിൽനിന്ന് ടൺ കണക്കിന് വസ്ത്ര മാലിന്യങ്ങളാണ് നീക്കം ചെയ്തത്. മാലിന്യം നീക്കം ചെയ്ത് ദിവസങ്ങൾക്കുള്ളിൽത്തന്നെ നദിയും പരിസരവും വീണ്ടും വസ്ത്രങ്ങൾകൊണ്ട് നിറയുന്ന സാഹചര്യമുണ്ടായി.
വസ്ത്രങ്ങൾ പമ്പയിൽ ഉപേക്ഷിക്കരുതെന്ന് ബോർഡുകൾ സ്ഥാപിച്ചും ബോധവത്കരണം നടത്തിയും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് തുടരുകയാണ്. തുണിമാലിന്യം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയും നിർദേശിച്ചിരുന്നു.
നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ഏതെങ്കിലും ആചാരത്തിന്റെ ഭാഗമല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും തന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. പമ്പയുടെ ശുചിത്വം ഉറപ്പാക്കുകയും തുണിമാലിന്യം കുറയ്ക്കുകയും ചെയ്യുകയാണ് പുതിയ നിയന്ത്രണത്തിന്റെ ലക്ഷ്യം.