വൻ തീപിടുത്തം: പള്ളൂരിൽ ഇരുനില വീട് കത്തിനശിച്ചു ഷോർട്ട് സർക്യൂട്ടെന്ന് സംശയം, 30 ലക്ഷം രൂപയുടെ നാശനഷ്ടം

വൻ തീപിടുത്തം: പള്ളൂരിൽ ഇരുനില വീട് കത്തിനശിച്ചു  ഷോർട്ട് സർക്യൂട്ടെന്ന് സംശയം, 30 ലക്ഷം രൂപയുടെ നാശനഷ്ടം

പള്ളൂർ പോലീസ് സ്റ്റേഷനു മുൻ വശത്തായി സ്ഥിതി ചെയ്യുന്ന ഹനീഫയുടെ ഹിക്കുമ എന്ന ഇരുനില വീട്ടിൽ വൻ തീപിടുത്തം.  ആളപായമൊന്നുമില്ല. ഇന്ന് കാലത്ത് 10 മണിയോടെയായിരുന്നു സംഭവം. വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. വീടിന്റെ വരാന്തന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്നു വീട്ടുകാർ തീപിടിച്ച വിവരം അറിഞ്ഞതേയില്ല. വീടിന്റെ മുകളിലെ നിലയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്. തുടർന്ന് നാട്ടുകാർ ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. വിവരമറിഞ്ഞ് മാഹിയിൽനിന്ന് രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ലാപ്‌ടോപ്പിൽ നിന്നോ ടി.വിയിൽ നിന്നോ ഉണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. താഴെ നിലയിലെ ഓഫീസ് മുറി പൂർണ്ണമായും കത്തിനശിച്ചിരുന്നു. മുകളിലത്തെ നിലയിലെ മുഴുവൻ മുറികളും തി പടർന്ന് നശിച്ച നിലയിലാണുള്ളത്. ഏയർ കണ്ടിഷനുകളും ടി.വിയും ഫർണിച്ചറുകളും വയറിംങ്ങും പൂർണ്ണമായും കത്തിനശിച്ചിരിക്കുന്നു.
ചുമരുകളിൽ വിള്ളലുകൾ വന്നിട്ടുണ്ട്. പള്ളൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ റീനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംഭവസ്ഥലത്ത് എത്തിയിരുന്നു. അഡ്വ.ടി.അശോക് കുമാർ എം എൽ എ, ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ, പള്ളൂർ വില്ലേജ് ഓഫീസർ മിനി, പന്തക്കൽ വില്ലേജ് ഓഫീസർ പ്രസന്ന എന്നിവർ സ്ഥലം സന്ദർശിച്ചു. 30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.