ആശുപത്രി ജീവനക്കാർക്കെതിരായ അക്രമവും ഭീഷണിയും അവസാനിപ്പിക്കണം: ബി.എം.എസ്
മാഹി: മാഹി ഗവൺമെന്റ് ജനറൽ ആശുപത്രി ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കോൺഗ്രസ് പ്രവർത്തകരുടെ നടപടിയിൽ ബി.എം.എസ് മാഹി മേഖലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അക്രമത്തിന് പിന്നിൽ കോൺഗ്രസ് അനുകൂല സർവീസ് സംഘടനാ നേതാക്കൾക്കും ആശുപത്രി സൂപ്രണ്ടിനുമുള്ള പങ്ക് അന്വേഷിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഉച്ചയോടെയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകരായ അൻസിൽ അരവിന്ദ്, ശ്യാംജിത്ത്, രജിലേഷ് കെ.പി., മുഹമ്മദ് മുബാസ്, മുഹമ്മദ് സഫ്രാസ്, അജയൻ പൂഴിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രി ഓഫീസിൽ അതിക്രമിച്ചു കയറി ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നാണ് ബി.എം.എസിന്റെ ആരോപണം. സ്റ്റോർ കീപ്പറുടെ അധിക ചുമതല വഹിക്കുന്ന പുതുച്ചേരി സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് സംഘ് നേതാവ് പി.പി. രാജേഷിനെ ആക്രമിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. മാഹി പോലീസിന്റെ സമയോചിതമായ ഇടപെടലാണ് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കിയത്.
നിരവധി വനിതാ ജീവനക്കാർ ജോലി ചെയ്യുന്ന ഓഫീസിൽ അസഭ്യമായ ഭാഷയിൽ സംസാരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും ബി.എം.എസ് ആരോപിച്ചു.
പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സ്ത്രീകളുടെ ശുചിമുറിയിൽ അതിക്രമിച്ചു കയറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പള്ളൂരിലെ കോൺഗ്രസ് നേതാവ് ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തതിലുള്ള പ്രകോപനമാണ് ആശുപത്രി ഓഫീസിലെ സംഭവത്തിന് പിന്നിലെന്നും ബി.എം.എസ് ആരോപിച്ചു.
സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ആശുപത്രിയുടെ പ്രവർത്തനാന്തരീക്ഷം തകർക്കുകയും ചെയ്യുന്ന ഇത്തരം പ്രവണതകൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
സത്യൻ കുനിയിൽ അധ്യക്ഷത വഹിച്ചു. കെ.ടി. സത്യൻ, യു.സി. ബാബു, വിനീഷ് മമ്പള്ളി, പ്രദീപൻ അഴിയൂർ എന്നിവർ സംസാരിച്ചു.