പുതുച്ചേരിയിൽ ഡെങ്കിപ്പനി മരണം നാലായി; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

പുതുച്ചേരിയിൽ ഡെങ്കിപ്പനി മരണം നാലായി; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

പുതുച്ചേരി: പുതുച്ചേരിയിൽ ഡെങ്കിപ്പനി ബാധിച്ച് നാല് പേർ മരിച്ചതായി റിപ്പോർട്ട്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച അടിയന്തര യോഗം ചേർന്നു.

പുതുച്ചേരി നിയമസഭാ വളപ്പിലെ കാബിനറ്റ് റൂമിൽ ചേർന്ന യോഗത്തിൽ ആരോഗ്യവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

ഡെങ്കിപ്പനി വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ, ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ, കൊതുക് നശീകരണ പ്രവർത്തനങ്ങൾ, പൊതുജന ബോധവൽക്കരണം എന്നിവ യോഗം വിലയിരുത്തി.

കഴിഞ്ഞ രണ്ട് മാസമായി പുതുച്ചേരിയിൽ ഡെങ്കിപ്പനി വ്യാപകമാണെന്നും ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്നും മുൻ മുഖ്യമന്ത്രി വി. നാരായണസാമി ആരോപിച്ചു.

ഡ്രെയിനേജുകളിൽ കൊതുകുനശീകരണ മരുന്ന് തളിക്കാത്തതും ഡെങ്കിപ്പനി രോഗികൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങളും മരുന്നുകളും ഉറപ്പാക്കാത്തതും ഗുരുതരമായ വീഴ്ചയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എ.എം. സലിമും വിമർശിച്ചു.

കൂടുതൽ ഡോക്ടർമാരെ നിയമിക്കുകയും ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ഡെങ്കിപ്പനി രോഗികൾക്ക് സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.