ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും
തളിപ്പറമ്പ്: പയ്യന്നൂർ രാമന്തളിയിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം കഠിനതടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കേസിലെ ആദ്യ മൂന്ന് പ്രതികളായ ടി.പി. ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് പ്രശാന്ത് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതികൾ അഞ്ച് വർഷം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക ധനരാജിന്റെ കുടുംബത്തിന് നൽകാനും കോടതി ഉത്തരവിട്ടു.
എല്ലാ വകുപ്പുകളിലെയും ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്ന് വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടിൽ അതിക്രമിച്ചു കടന്നതിന് മൂന്ന് മാസം, അമ്മയെ ആക്രമിച്ചതിന് ഒരു വർഷം, കൃത്യം ചെയ്യുന്നതിനിടെ ഭാര്യയെയും അമ്മയെയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിന് ഒരു മാസം, ആയുധം കൊണ്ട് ആക്രമിച്ചതിന് നാല് വർഷം എന്നിങ്ങനെയുള്ള ശിക്ഷകൾ അനുഭവിച്ച ശേഷമാണ് ജീവപര്യന്തം തടവ് തുടങ്ങുക. ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.
കേസിനെ അപൂർവങ്ങളിൽ അപൂർവമായ ഒന്നായി പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. രാഷ്ട്രീയ കേസാണെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളുണ്ടെന്നും ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ കൊല്ലപ്പെട്ട ധനരാജിനും രണ്ട് കുട്ടികളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
2016 ജൂലൈ 11-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഡിവൈഎഫ്ഐ നേതാവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ധനരാജിനെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സമയത്ത് പിന്തുടർന്നെത്തിയ സംഘം വീടിന് മുന്നിൽവെച്ച് കുടുംബാംഗങ്ങളുടെ കൺമുന്നിൽ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വിധി പ്രഖ്യാപനം കേൾക്കാനായി സിപിഎം നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ എത്തിയതിനാൽ തളിപ്പറമ്പ് കോടതി പരിസരത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.