ചാവോക്കുന്ന് വാർഡ്: തീരദേശ ഭാഗത്തെ റോഡുകൾ ഗതാഗതയോഗ്യമാക്കണം - ആക്ഷൻ കൗൺസിൽ
ന്യൂമാഹി: ന്യൂമാഹി പഞ്ചായത്ത് പതിമൂന്നാം വാർഡ് ചാവോക്കുന്നിലെ റോഡിന്റെ ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് 13-ാം വാർഡ് ആക്ഷൻ കൗൺസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
ദേശീയപാതയിൽ കാസാ കാൻ്റീനിൻ്റെ അരികിലൂടെ താഴോട്ടിറങ്ങുന്ന റോഡും ഈ റോഡിൽ നിന്നും ഇടത്തോട്ടും വലത്തോട്ടും പോകുന്ന റോഡുകളുമാണ് തകർന്നു കിടക്കുന്നത്.
ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി വെട്ടിക്കീറിയ റോഡ് വർഷങ്ങൾക്ക് ശേഷമാണ് അടുത്ത കാലത്ത് താത്കാലിക അറ്റകുറ്റപ്പണി നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് റോഡിലെ ജല്ലിയും കോൺക്രീറ്റും ഒലിച്ചുപോയി.
റോഡിൽ ഓട്ടോറിക്ഷ, കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഓടാനാവുന്നില്ല. ഇത് കാരണം പരിസരവാസികൾ യാത്രാദുരിതമനുഭവിക്കുകയാണ്. സമീപവാസികളുടെ വീടുകളിലെ വിവിധ ചടങ്ങുകൾക്ക് ഗതാഗത തടസം കാരണം വാഹനങ്ങൾക്കെത്താനാവുന്നില്ല. പഞ്ചായത്ത് അംഗത്തിൻ്റെ ഉൾപ്പെടെ പഞ്ചായത്ത് അധികൃതരുടെയും ജൽ ജീവൻ അധികൃതരുടെയും കടുത്ത അനാസ്ഥയാണ് റോഡിൻ്റെ ശോച്യാവസ്ഥക്ക് കാരണം. പ്രവൃത്തി തുടങ്ങി മൂന്നര വർഷമായിട്ടും ജൽ ജീവൻ കുടിവെള്ള പദ്ധതി പാതിവഴിയിലാണ്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും പഞ്ചായത്ത് അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ട് 100 ഓളം പേർ ഒപ്പിട്ട നിവേദനം കൺവീനർ മുഹമ്മദ് ഷാബിൽ, നിസാമുദ്ദീൻ, മഹസ് എന്നിവർ പഞ്ചായത്ത് അധികൃതർക്ക് നൽകി.