ചുവപ്പ് റേഷൻ കാർഡുകൾ റദ്ദാക്കിയ നടപടി പുന:പരിശോധിക്കണം: കോൺഗ്രസ്സ്

മാഹി മേഖലയിൽ 61 ഓളം കുടുംബങ്ങളുടെ ചുവപ്പ് റേഷൻ കാർഡുകൾ റദ്ദാക്കിയ നടപടി പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ട് പുതുച്ചേരി സംസ്ഥാന കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സത്യൻ കേളോത്ത്, മാഹി മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.രെജിലേഷ് എന്നിവർ മാഹി സിവിൽ സപ്ലെസ് ഓഫിസറെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. റേഷൻ കാർഡുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതടക്കമുള്ള നടപടിയുടെ ഭാഗമായാണ് കാർഡുകൾ റദ്ദു ചെയ്യപെട്ടതെന്നും
റേഷൻ കാർഡുകൾ റദ്ദാക്കപ്പെട്ടതോടെ പുതുച്ചേരി സർക്കാർ നൽകുന്ന ഗിഫ്റ്റ് കൂപ്പൺ ആനുകൂല്യങ്ങൾക്കും പൊങ്കൽ, ദീപാവലി തുടങ്ങിയ ഉത്സവങ്ങളോടനുബന്ധിച്ച് റേഷൻ കാർഡ് ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾക്കും തടസ്സം നേരിട്ടിണ്ട്. ഇത്തരം ആനുകൂല്യങ്ങൾ  നിലവിൽ ലഭിക്കാത്ത റേഷൻ കാർഡ് ഉടമകൾ എത്രയും പെട്ടെന്ന് മാഹി സിവിൽ സപ്ലൈസ് ഓഫീസ് സന്ദർശിച്ച് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന്
മാഹി സിവിൽ സപ്ലൈസ് ഓഫിസർ കോൺഗ്രസ്സ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു.