സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയെ അവഗണിക്കുന്ന രീതി വിദ്യാഭ്യാസ വകുപ്പ് അവസാനിപ്പിക്കണം
മാഹിയിലെ സർക്കാർ സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ മാനേജ്മെന്റ് കമ്മിറ്റികൾക്ക് അർഹമായ പരിഗണനയും പ്രാധാന്യവും നൽകാതെ മാഹി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവർത്തനം അവസാനിപ്പിക്കണമെന്നും സ്കൂളുകളുടെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളിൽ കമ്മിറ്റികളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന
കലോത്സവ് പോലുള്ള വിദ്യാഭ്യാസ - സാംസ്കാരിക പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾക്ക് അർഹമായ സ്ഥാനവും ഉത്തരവാദിത്തവും നൽകേണ്ടതാണ്. മാനേജ്മെന്റ് കമ്മിറ്റികളുടെ പ്രാധാന്യവും ഉത്തരവാദിത്തവും കുറച്ചു കാണിക്കുന്ന വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെ പ്രവണത അംഗീകരിക്കാനാവില്ല.
സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പഠനയാത്രകൾക്ക് വിനോദസഞ്ചാര ബസുകൾ ഏർപ്പെടുത്തുമ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും യാത്രാസൗകര്യവും ഉറപ്പു വരുത്തണം. ചില സ്കൂളുകളിൽ അധ്യാപകരുടെ ഒത്താശയോടെ ഇടനിലക്കാർ മുഖേന ബസുകൾ മുൻകൂട്ടി ഉറപ്പിക്കുന്നതായും, സർക്കാർ സാമ്പത്തിക - ടെൻഡർ നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്നും പരാതികൾ ഉയർന്നിട്ടുണ്ട്. അതിനാൽ നടപടി ക്രമങ്ങൾ പാലിക്കുന്നത് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ മേൽനോട്ടത്തിലും അംഗീകാരത്തിലും സുതാര്യമായ രീതിയിൽ നടപ്പിലാക്കണം.
സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് അധ്യാപകന് പരിക്കേറ്റസംഭവം ഗൗരവത്തോടെ കാണേണ്ടതാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എല്ലാ സ്കൂളുകളിലെയും കെട്ടിടങ്ങൾ, വൈദ്യുത സംവിധാനങ്ങൾ, വയറിംഗ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷണം ഉറപ്പു വരുത്തണം.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളുടെ യോഗങ്ങൾ വെറും ഔപചാരികതയായി മാറരുത്. കമ്മിറ്റികളുടെ നിർദേശങ്ങളും തീരുമാനങ്ങളും ബന്ധപ്പെട്ട അധികാരികൾ അർഹമായ ഗൗരവത്തോടെ പരിഗണിച്ച്
സ്കൂളുകളുടെ സമഗ്രമായ പുരോഗതിയും കുട്ടികളുടെ സുരക്ഷയും ഗുണമേന്മയുള്ള വിദ്യാഭ്യാസ അന്തരീക്ഷവും ഉറപ്പാക്കണമെന്നും വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ അൻസിൽ അരവിന്ദ്, പി.പി.പ്രേമരാജ്, സിനി.കെ.എൻ, സന്ദീപ് എം എന്നിവർ ആവശ്യപ്പെട്ടു.