സബ്ബ് ജഡ്ജ് നിയമനം: മാഹി ബാർ അസോസിയേഷൻ കോടതി ബഹിഷ്ക്കരിച്ച് പ്രതിക്ഷേധിക്കും

സബ്ബ് ജഡ്ജ് നിയമനം: മാഹി ബാർ അസോസിയേഷൻ കോടതി ബഹിഷ്ക്കരിച്ച് പ്രതിക്ഷേധിക്കും

മാഹി സബ്ബ് കോടതിയിൽ കഴിഞ്ഞ 6 വർഷത്തോളമായി മുൻസിപ്പായി സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥയെ മാഹി സബ് ജഡ്ജായി നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമാക്കി മാഹി ബാർ അസോസിയേഷൻ രംഗത്ത്.

ഈ നിയമനം പുനഃപരിശോധിക്കാൻ ബഹുമാനപ്പെട്ട ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും, അല്ലാത്ത പക്ഷം ഉദ്യോഗസ്ഥ ചുമതലയേൽക്കുന്ന ദിവസം മുതൽ ഉചിതമായ തീരുമാനം ഉണ്ടാകുന്നതുവരെ കോടതി നടപടികളിൽ ബഹിഷ്ക്കരിക്കുന്ന പ്രതിക്ഷേധ സമരവുമായി അസോസിയേഷൻ മുന്നോട്ട് പോവുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

​
ഈ നിയമന നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മാഹി ബാർ അസോസിയേഷൻ നിവേദനം നൽകിയിട്ടും,
അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു പരിഗണനയും ലഭിക്കാത്തതിനാലാണ് കോടതി ബഹിഷ്കരണ നടപടിയുമായി മുന്നോട്ടു പോവുന്ന തീരുമാനിച്ചത്.
​സ്ഥാനക്കയറ്റം ലഭിച്ച് 6 മാസത്തിനുള്ളിൽ മാഹിയിലേക്ക് തന്നെ തിരികെ നിയമിക്കുന്നത് ഗൗരവമായ ആശങ്കയും അതൃപ്തിയും ഉണ്ടാക്കുന്നതായി അസോസിയേഷൻ ആരോപിച്ചു.

ഉദ്യോഗസ്ഥ മുൻപ് മാഹിയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ പുറപ്പെടുവിച്ച നിരവധി വിധികളും ഉത്തരവുകളും ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകൾ നിലവിൽ മാഹി സബ് കോടതിയിൽ തീർപ്പുകൽപ്പിക്കാൻ കിടക്കുകയാണ്. ഇതേ ഉദ്യോഗസ്ഥ സബ് ജഡ്ജായി ചുമതലയേൽക്കുന്നത് ഇത്തരം കേസുകളുടെ നടത്തിപ്പിൽ വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ തകർക്കാനല്ല, മറിച്ച് പ്രാദേശിക ബാറിന്റെ കൂട്ടായ ഔദ്യോഗിക ആശങ്ക അറിയിക്കാനാണ് ഈ പ്രതിഷേധമെന്നും ബാർ അസോസിയേഷൻ ഭാരവാഹികളായ എ.പി.അശോകൻ, എം.ഡി.തോമസ്, ടി.സി.വത്സരാജ്, കെ.കെ.അനസ് ഗഫൂർ, എൻ.കെ.സജ്ന, ഹസീന എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.