സൈബറിടത്തില്‍ ഇനി കളി മാറും, ഏത് ഫോണും അണ്‍ലോക്കാവും; ഇസ്രായേല്‍ സോഫ്റ്റ്‌വെയറുമായി കേരള പൊലീസ്
ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും കുറ്റാന്വേഷണം വേഗത്തിലാക്കുന്നതിനുമായി ഇസ്രായേല്‍ സൈബര്‍ ഫോറന്‍സിക് ടൂളായ സെല്ലെബ്രൈറ്റിന്റെ (cellebrite) നവീകരിച്ച പതിപ്പ് വാങ്ങാന്‍ ഒരുങ്ങി കേരള പൊലീസ്. ഏകദേശം 6 കോടി രൂപ ചെലവ് വരുന്ന ഈ ഉപകരണം വാങ്ങുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.
അടുത്ത മാസം അവസാനത്തോടെ പൊലീസ് വകുപ്പിന് കീഴിലുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ഇത് ലഭ്യമാകുമെന്നാണ് വിവരം. ഡിജിറ്റള്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന ഏകദേശം 8,000 കേസുകളാണ് ഓരോ വര്‍ഷവും എഫ്എസ്എല്ലില്‍ എത്തുന്നത്. വര്‍ഷത്തില്‍ വെറും 40 ഉപകരണങ്ങള്‍ മാത്രം അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുന്ന നിലവിലെ പാക്കേജ് നവീകരിക്കുന്നതിന്റെ ഭാഗമായാണ് സെല്ലെബ്രൈറ്റിന്റെ നവീകരിച്ച സോഫ്റ്റ്‌വെയര്‍ വാങ്ങുന്നത്.
ഐഒഎസ് (iOS), ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ പരിധിയില്ലാതെ അണ്‍ലോക്ക് ചെയ്യാനും വിവരങ്ങള്‍ ആഴത്തില്‍ ശേഖരിക്കാനും പുതിയ പാക്കേജ് സഹായിക്കും. ഇത് അന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടപടികളിലും ഒരു പോലെ ഗുണം ചെയ്യും. ആപ്പിള്‍ കൂടാതെ എല്ലാ പ്രമുഖ ആന്‍ഡ്രോയിഡ് നിര്‍മ്മാതാക്കളുടെ ഫോണിലും ഇത് പ്രവര്‍ത്തിക്കും. പുതിയ സബ്‌സ്‌ക്രിപ്ഷന്‍ വഴി ഫോറന്‍സിക് ലാബിലെ മൂന്ന് വര്‍ക്ക് സ്‌റ്റേഷനുകളില്‍ ഒരേ സമയം ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ കഴിയും. കോടതികളില്‍ തെളിവായി ഹാജരാക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ഡാറ്റാ ശേഖരണത്തിന് ഇത് ഏറെ സഹായകരമാകും.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇസ്രായേലില്‍ നിന്നുള്ള നവീകരിച്ച സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. നിലവിലെ യുഡിഎഫ് സര്‍ക്കാരും ഈ നീക്കത്തെ പിന്തുണച്ചു. കേരളത്തില്‍ ഇസ്രായേലുമായുള്ള ഏത് ബന്ധവും പലപ്പോഴും വിവാദമാകാറുണ്ടെങ്കിലും രാഷ്ട്രീയ പ്രസ്താവനകളേക്കാള്‍ സുരക്ഷാ ആശങ്കകള്‍ക്കാണ് എപ്പോഴും മുന്‍ഗണന നല്‍കേണ്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
സോഫ്റ്റ്‌വെയറിന്റെ ഉപയോഗം പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയിലും ഇത് ചാര സോഫ്റ്റ് വെയര്‍ അല്ലെന്ന് വ്യക്തമാക്കുകയാണ് പൊലീസ്. കുറ്റകൃത്യങ്ങളില്‍ പിടിച്ചെടുക്കുന്ന ഉപകരണങ്ങള്‍ പരിശോധിക്കാനും നിയമപരമായ ഫോറന്‍സിക് പരിശോധനകള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.