കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ലഷ്‌കര്‍ നേതാവിനെ വധിച്ചു

കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ലഷ്‌കര്‍ നേതാവിനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തയ്ബയുടെ ഉന്നത കമാന്‍ഡര്‍ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു. ഇന്ന് രാവിലെ മുതല്‍ ഒരു പള്ളിക്കുള്ളില്‍ അഭയം പ്രാപിച്ച ഇയാളെ ജീവനോടെ പിടികൂടാന്‍ സൈന്യം ശ്രമം നടത്തിയെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഇയാളെ പിടികൂടാനുള്ള സുരക്ഷാ സേനയുടെ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല.

കുല്‍ഗാമിലെ വിവിധ ഗ്രാമങ്ങളില്‍ സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയതിനിടെ, പുലര്‍ച്ചെയോടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.

ലഷ്‌കര്‍-ഇ-തയ്ബയുടെ ഉന്നത കമാന്‍ഡര്‍ ലത്തീഫിന്റെ സഹായി ഉമര്‍ നിസാര്‍ ദാര്‍ തിങ്കളാഴ്ച കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. നവംബര്‍ 11-ന് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ചെക്ക്പോയിന്റിനു നേരെ ആക്രമണം നടത്തുന്നതിന് മുന്‍പായി,നിസാര്‍ ദാറും ലത്തീഫ് ഭട്ടും ചേര്‍ന്ന് പ്രദേശം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. സിആര്‍പിഎഫ് പോസ്റ്റിനു നേരെ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ ഇവര്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.