കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വാര്‍ത്താകുറിപ്പ്
സംസ്ഥാനതല അണ്ടര്‍ 19 വടംവലി ചാമ്പ്യന്‍ഷിപ്പ് 20ന് ചന്ദനക്കാംപാറയില്‍
കായിക വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാനതല അണ്ടര്‍ 19 വടംവലി ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 20ന് ചന്ദനക്കാംപാറയില്‍ കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. സജീവ് ജോസഫ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചന്ദനക്കാംപാറ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ ഒമ്പത് മണിക്കാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം. ചാംപ്യന്‍ഷിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും എംഎല്‍എ പറഞ്ഞു.
സംസ്ഥാന വടംവലി അസോസിയേഷന്റെയും ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ-സാമൂഹിക വികസന പദ്ധതിയായ ദിശാദര്‍ശന്റെയും സംയുക്താഭിമുഖ്യത്തിലാണ് സംസ്ഥാനതല അണ്ടര്‍-19 വടംവലി ചാമ്പ്യന്‍ഷിപ്പ് പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചന്ദനക്കാംപാറയില്‍ സംഘടിപ്പിക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വിശിഷ്ടാതിഥിയായി പങ്കെടുക്കും. സംസ്ഥാന വടംവലി അസോസിയേഷന്‍ പ്രസിഡന്റ് അബിന്‍ വര്‍ക്കി സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും സംബന്ധിക്കും.
ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, മിക്സഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള 500ഓളം മത്സരാര്‍ത്ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. ഓരോ ജില്ലയേയും പ്രതിനിധീകരിച്ച് മൂന്നു ടീമുകളാണ് പങ്കെടുക്കുക. കായികരംഗത്ത് സംസ്ഥാനത്തിന് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത നാടാണ് ചന്ദനക്കാംപാറയെന്നും ഇവിടെ നിന്നുള്ള മുന്നൂറിലേറെ പേര്‍ കായിക മേഖലയിലൂടെ സര്‍ക്കാര്‍ സര്‍വീസുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ കായിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനതല വടംവലി ചാമ്പ്യന്‍ഷിപ്പ് ഇവിടേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം അറിയിച്ചു.
പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു ബെന്നി, സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അബ്രഹാം മഠത്തിമ്യാലില്‍, ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക മഞ്ജു ജെയിംസ്, വടംവലി ചാംപ്യന്‍ഷിപ്പ് സംസ്ഥാന കോഡിനേറ്റര്‍ ടി പി അഷ്‌റഫ്, കമ്പവലി അസോസിയേഷന്‍ ജില്ലാ ജോയിന്റ് സിക്രട്ടറി പി നാരായണന്‍ കുട്ടി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ബാലാവകാശ കമ്മീഷന്‍ അധ്യാപക പരിശീലനം സംഘടിപ്പിച്ചു
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ യു.പി. സ്‌കൂള്‍ അധ്യാപകര്‍ക്കായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. ബാലാവകാശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ബാലാവകാശ കമ്മിഷനംഗം ബി മോഹന്‍കുമാര്‍ അധ്യക്ഷനായി.
യു.പി.സ്‌കൂള്‍ അധ്യാപകര്‍ക്ക് ബാലാവകാശങ്ങളെക്കുറിച്ചും കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചും അവബോധം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. കുട്ടികളും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തില്‍ കമ്മീഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാറും ബാലാവകാശ നിയമങ്ങളും നിയമ സംവിധാനങ്ങളും എന്ന വിഷയത്തില്‍ കമ്മിഷനംഗം കെ കെ ഷാജു, കുട്ടികളുടെ മാനസികാരോഗ്യം; അധ്യാപകര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ മുഹമ്മദ് ഷഫീക്ക് എന്നിവര്‍ ക്ലാസെടുത്തു. ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ.ശീതള്‍ ജി മോഹന്‍, കമ്മിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ.സി അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു വിദ്യാലയം ഒരു കല; സ്‌കൂള്‍ തല ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന 'ഒരു വിദ്യാലയം ഒരു കല' പദ്ധതിയുടെ സ്‌കൂള്‍ തല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന നിര്‍വഹിച്ചു. പടിയൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം ബോബി എണ്ണച്ചേരിയില്‍ അധ്യക്ഷനായി.
തളിപ്പറമ്പ് നോര്‍ത്ത് ബി ആര്‍ സി യിലെ അധ്യാപിക കെ ബിന്ദു ക്ലാസ്സ് അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ കെ പ്രേമരാജന്‍, ഹെഡ്മാസ്റ്റര്‍ വി വി സുരേഷ് കുമാര്‍, പി ടി എ പ്രസിഡന്റ് എ രാജീവന്‍, പി ടി എ വൈസ് പ്രസിഡണ്ട് എം മുരളീധരന്‍, മദര്‍ പി ടി എ പ്രസിഡന്റ് സൗമിനി ബാബു, സീനിയര്‍ അസിസ്റ്റന്റ് രതീഷ്, സ്റ്റാഫ് സെക്രട്ടറി ആതിര, കലാധ്യാപകന്‍ കെ രമിത്ത് എന്നിവര്‍ സംസാരിച്ചു.
സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കായി ലഹരിവിമുക്ത പരിശീലനക്യാമ്പ് സംഘടിപ്പിച്ചു
ലഹരിവിമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ തലത്തില്‍ നശാ മുക്തി മിത്ര് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സഹോദയ കണ്ണൂര്‍, വിമുക്തി മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചിന്മയ ബാലഭവനില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിയുകയും അവരെ ലഹരിയുടെ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ ആവശ്യമായ സഹായവും പിന്തുണയും നല്‍കുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയിലെ 60 സ്‌കൂളുകളില്‍ നിന്നായി 200 ഓളം വിദ്യാര്‍ഥികളും നോഡല്‍ ഓഫീസര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. ഓരോ സ്‌കൂളില്‍ നിന്നും മൂന്ന് വിദ്യാര്‍ഥികള്‍ വീതമാണ് പങ്കെടുത്തത്.
ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു അധ്യക്ഷനായി. ചിന്മയ വിദ്യാലയ പ്രിന്‍സിപ്പല്‍ നിഷ വിജയകൃഷ്ണന്‍, സഹോദയ സ്‌കൂള്‍ വൈസ് പ്രസിഡന്റ് ഗീതാഞ്ജലി സുനില്‍, സഹോദയ സെക്രട്ടറി സുരേഷ് പൊതുവാള്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുജിത്ത് തില്ലങ്കേരി, അഡീഷണല്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ ഷുഹൈബ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ഡിജിറ്റല്‍ സുരക്ഷയും ഉത്തരവാദിത്തമുള്ള ഇന്റര്‍നെറ്റ് ഉപയോഗവും,ഡിജിറ്റല്‍ ലോകത്ത് സ്വയംനിയന്ത്രണവും ആത്മബോധവും, കുട്ടികളുടെ നിയമപരമായ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്നീ വിഷയങ്ങളില്‍ മൂന്ന് സെഷനുകളിലായി പരിശീലനം നല്‍കി. സൈബര്‍ സുരക്ഷയെക്കുറിച്ച് കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പി.കെ. ദിജിന്‍ രാജ്, ഡിജിറ്റല്‍ ലോകത്തെ ആത്മ നിയന്ത്രണത്തെക്കുറിച്ച് ഡി-ഡാഡ് സെന്ററിലെ സൈക്കോളജിസ്റ്റ് ആര്‍ സപ്ന, നിയമപരമായ അവകാശങ്ങളെയും കടമകളെയുംക്കുറിച്ച് അഡ്വ. കെ.എ. പ്രദീപ് എന്നിവര്‍ ക്ലാസെടുത്തു.
വനിതാ കമ്മീഷന്‍ സിറ്റിംഗ് ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി
സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ ഒന്‍പത് കേസുകള്‍ തീര്‍പ്പാക്കി. ആകെ 55 കേസുകളാണ് പരിഗണിച്ചത്. നാല് കേസുകളുടെ റിപ്പോര്‍ട്ട് തേടി.ഒരു കേസ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്കും ഒരു കേസില്‍ ജാഗ്രത സമിതിയോട് റിപ്പോര്‍ട്ട് തേടി. അടുത്ത സിറ്റിങ്ങില്‍ 40 പരാതികള്‍ പരിഗണിക്കും. അഡ്വ. കെ. പി ഷിമ്മി,കൗണ്‍സിലര്‍ അശ്വതി രമേശന്‍,അഡ്വ ചിത്തിര ശശിധരന്‍,വുമണ്‍ സെല്‍ അംഗം വി സൗമ്യ,കണ്ണൂര്‍ ടൗണ്‍ എ എസ് ഐ ഒ വി പ്രീത എന്നിവര്‍ പങ്കെടുത്തു.
(പടം)
ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി
സ്ത്രീശാക്തീകരണം, ലിംഗസമത്വം, കുട്ടികളുടെ അവകാശസംരക്ഷണം എന്നിവ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നടത്തിയത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുക, ഇരകള്‍ക്ക് ആവശ്യമായ പിന്തുണയും കൗണ്‍സലിങ് സേവനങ്ങളും ഉറപ്പാക്കുക, സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കി. കില ഫാക്കല്‍റ്റി വി. മോയി, അഡ്വ. എം.വി. ശ്രീലേഖ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. 75 ഓളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് അംഗം കെ. അനുശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരൂള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗിരിജ കല്യാടന്‍, സ്ഥിരംസമിതി അധ്യക്ഷരായ കെ. ബിജിഷ, ഒ.കെ. അനുരാധ, പി.പി. പവിത്രന്‍, സി.ഡി.പി.ഒ കെ. ജിന്‍സി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജയപ്രകാശ് പന്തക്ക, സെക്രട്ടറി യു.വി. ബിന്ദു, കെ. ബിജു, ഒ അപര്‍ണ എന്നിവര്‍ സംസാരിച്ചു.