പൊന്നിനേക്കാൾ തിളക്കമുള്ള സത്യസന്ധത: പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ലഭിച്ച അഞ്ചേമുക്കാൽ പവൻ സ്വർണം തിരികെ നൽകി ഹരിതകർമസേന

ആലക്കോട്: പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം അബദ്ധത്തിൽ കൈമാറിയ അഞ്ചേമുക്കാൽ പവൻ സ്വർണാഭരണങ്ങൾ ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ സത്യസന്ധതയുടെ മാതൃകയായി.

ചപ്പാരപ്പടവ് പഞ്ചായത്തിലെ മങ്കര വാർഡ് ഹരിതകർമ സേനാംഗങ്ങളായ ജി ഗീതു, അരുണ കുമാരി എന്നിവരാണ് സ്വർണം തിരികെ നൽകിയത്.

ഞായറാഴ്ച മങ്കരയിലെ വിജയമ്മയുടെ വീട്ടിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന് ഇടയിലാണ് സംഭവം. കള്ളന്മാരെ ഭയന്ന് വിജയമ്മ തന്റെ താലിമാലയും രണ്ട് വളകളും ഒരു മോതിരവും അടങ്ങുന്ന സ്വർണാഭരണങ്ങൾ വട്ടത്തിലുള്ള ഒരു ചെറിയ ലെതർ മണി പേഴ്സിലാക്കി, ഹരിതകർമ സേനയ്ക്ക് നൽകാനായി പ്ലാസ്റ്റിക് സഞ്ചികൾ സൂക്ഷിക്കുന്ന പാത്രത്തിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു.


വിജയമ്മ റബർ ടാപ്പിങ്ങിന് പോയ സമയത്താണ് ഹരിതകർമ സേനാംഗങ്ങൾ വീട്ടിലെത്തിയത്. ഭർത്താവ് ശിവദാസൻ പ്ലാസ്റ്റിക് സഞ്ചികൾക്കൊപ്പം ഈ മണിപ്പേഴ്സും അറിയാതെ കൈമാറി. ഹരിതകർമസേന കലണ്ടർ പ്രകാരം നവംബർ മാസത്തിൽ പ്ലാസ്റ്റിക്കിനൊപ്പം ലെതർ ബാഗുകളും ചെരിപ്പുകളും ശേഖരിക്കുന്നതിനാൽ സേനാംഗങ്ങൾ പേഴ്സും വാങ്ങി.

ചെറിയ പേഴ്സായതിനാൽ ലെതർ വസ്തുക്കൾക്ക് തൂക്കം അനുസരിച്ച് ഈടാക്കാറുള്ള യൂസർ ഫീ വാങ്ങാതെയാണ് ഇവർ മടങ്ങിയത്. തുടർന്ന് സമീപത്തെ വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് തരംതിരിച്ച് ചാക്കിലാക്കുന്നതിന് ഇടയിലാണ് മണിപ്പേഴ്സിനുള്ളിൽ സ്വർണാഭരണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻ തന്നെ വിവരം അധികൃതരെ അറിയിക്കുകയും പഞ്ചായത്ത് അംഗം സുഭാഷിന്റെ സാന്നിധ്യത്തിൽ ആഭരണങ്ങൾ വിജയമ്മയ്ക്ക് കൈമാറുകയും ചെയ്തു. ഒരു വർഷം മുമ്പാണ് ഗീതുവും അരുണകുമാരിയും മങ്കര വാർഡിലെ ഹരിതകർമ സേനയുടെ ഭാഗമായത്.