ചടയമംഗലത്തെ 'ജടായു' ഹിറ്റ്: സന്ദര്‍ശക പ്രവാഹം
സംവിധായകന്‍ നിതേഷ് തിവാരിയുടെ രാമായണ ഒന്നാം ഭാഗം എന്ന ചിത്രം വന്‍ ഹിറ്റായതോടെ ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററിലെ ജടായു ശില്‍പം കാണുന്നതിനും മറ്റു കാഴ്ചകള്‍ ആസ്വദിക്കാനുമായി തിരക്കേറുന്നു.
ചിത്രത്തില്‍ രാവണന്റെ പുഷ്പക വിമാനത്തില്‍ നിന്ന് സീതയെ മോചിപ്പിക്കാന്‍ ജടായു നടത്തുന്ന പോരാട്ടം ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ രംഗമാണ്. ഇതിന് പിന്നാലെ ജടായു എര്‍ത്ത് സെന്റര്‍ സോഷ്യല്‍ മീഡിയയിലും ട്രാവല്‍ വ്‌ലോഗുകളിലും വലിയ തരംഗമായി മാറിയതോടെയാണ് സഞ്ചാരികള്‍ ചടയമംഗലത്തേയ്ക്ക് ഒഴുകിയെത്തുന്നത്.
ദിവസവും എഴായിരത്തിലധികം സന്ദര്‍ശകര്‍ ഇവിടെ എത്തുന്നതായി അധികൃതര്‍ പറഞ്ഞു. സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സന്ദര്‍ശകരില്‍ കൂടുതലും. ശബരിമല സീസണ്‍ തുടങ്ങുന്നതോടെ കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.
എംസി റോഡ് വഴി ശബരിമലയിലേക്ക് പോകുന്ന തീർഥാടകർക്ക് ജടായുപ്പാറ സന്ദര്‍ശിക്കാന്‍ എളുപ്പമാണ്. പാറയ്ക്ക് മുകളിലായി കോദണ്ഡരാമ ക്ഷേത്രവുമുണ്ട്.
ചടയമംഗലത്തെ കൂറ്റന്‍ പാറക്കെട്ടിന് മുകളില്‍ 200 അടി നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന രാജീവ് അഞ്ചല്‍ രൂപകല്‍പ്പന ചെയ്ത ബൃഹത്തായ ശില്‍പ്പമാണ് ജടായു ശില്‍പ്പം. സിനിമയുടെ റിലീസിന് പിന്നാലെ, പ്രമുഖ വ്യക്തിത്വങ്ങളും നിരവധി കണ്ടന്റ് ക്രിയേറ്റര്‍മാരും ഈ വിനോദസഞ്ചാര കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചു.
സിനിമയിലെ ദൃശ്യങ്ങളും യഥാര്‍ഥ ശില്‍പ്പവും താരതമ്യം ചെയ്തുള്ള ഇന്‍സ്റ്റഗ്രാം റീലുകളും യൂട്യൂബ് മീമുകളും ലക്ഷക്കണക്കിന് ആളുകളെയാണ് ആകര്‍ഷിച്ചത്.
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറും സ്ഥലം സന്ദര്‍ശിച്ചു. ജടായു എര്‍ത്ത് സെന്ററില്‍ ഗവര്‍ണര്‍ ഒന്നര മണിക്കൂറാണ് ചെലവിട്ടത്. റോപ് വേ വഴി പാറയ്ക്ക് മുകളിലെത്തി ജടായു ശില്‍പവും അവിടെ നിന്നുള്ള കാഴ്ചയും കണ്ടു.
ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളും ജടായു ശില്‍പവുമായി ബന്ധപ്പെട്ട വിഷയങ്ങളും മറ്റു പദ്ധതികളും സംഘാടകര്‍ ഗവര്‍ണറോട് വിശദീകരിച്ചു.