മലേഷ്യയിൽ മലവെള്ളപ്പാച്ചിൽ: മാഹി സ്വദേശി രഘുനാഥിനെ കണ്ടെത്താനായില്ല

മലേഷ്യയിൽ മലവെള്ളപ്പാച്ചിൽ: മാഹി സ്വദേശി രഘുനാഥിനെ കണ്ടെത്താനായില്ല

മലേഷ്യയിൽ റവാങ്ങിലെ പെർതാക് നദിയിലെ വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ മാഹി സ്വദേശിയായ തലശ്ശേരി കൊമ്മൽവയലിലെ മാണിക്കോത്ത് രഘുനാഥിനെ (48) കണ്ടെത്താനായില്ല. അപകടം നടന്നിട്ട് 4 ദിവസം പിന്നിട്ടിരിക്കയാണ്. തിരച്ചിൽ തുടരുന്നതായി അറിയുന്നു. ദീപാവലി ആഘോഷിക്കാൻ പോയ 11 അംഗ സംഘമാണ് മലവെള്ളപ്പാച്ചിലിൽപ്പെട്ടത്. രഘുനാഥിനെ കൂടാതെ യെമൻ സ്വദേശി അൽ മാമാരി അഹ്മദ് ഹാദി അലി, തമിഴ്‌നാട് സ്വദേശി ദുരൈ മുരുകൻ എന്നിവരെയും കാണാതായിട്ടുണ്ട്. രഘുനാഥ് രണ്ടുവർഷത്തോളമായി മാഹിയിലെ പന്തക്കലിലെ പുതിയ വീട്ടിലാണ് താമസം. 15 വർഷത്തിലേറെയായി മലേഷ്യയിലെ ഒരു ഐ.ടി. കമ്പനിയിൽ സി.എൻ.സി ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. അച്ഛൻ: പരേതനായ മാണിക്കോത്ത് ശങ്കു. അമ്മ: പിലാവുള്ളതിൽ രോഹിണി. ഭാര്യ: സീബാ രഘുനാഥ് (അധ്യാപിക, എക്സൽ പബ്ലിക് സ്കൂൾ, മാഹി). മകൾ: നിയ (പത്താം ക്ലാസ് വിദ്യാർഥി, എക്സൽ പബ്ലിക് സ്കൂൾ). സഹോദരങ്ങൾ: ഷാജീവ് (സി.എൻ.സി പ്രോഗ്രാമർ, കാനഡ), ഷിനോജ് (പി.ഡി.എം, പി.എൻ.ബി. മെറ്റ്ലൈഫ്).