കണ്ണൂര്‍ വാരിയേഴ്‌സിന്റെ സെമി സാധ്യതകള്‍

കണ്ണൂര്‍ വാരിയേഴ്‌സിന്റെ സെമി സാധ്യതകള്‍

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ മൂന്ന് മത്സരം മാത്രം ബാക്കിനില്‍ക്കെ മുഖ്യപരിശീലകന്‍ ആന്‍േ്രഡ ചെര്‍ണിഷോവിനെ പുറത്താക്കി സഹപരിശീലകന്‍ ഷഫീഖ് ഹസ്സന്‍ മഠത്തില്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ കണ്ണൂര്‍ വാരിയേഴ്‌സിന് സഞ്ചരിക്കാനുള്ളത് ബുദ്ധിമുട്ട് നിറഞ്ഞ വഴികളിലൂടെയാണ്. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ സെമി ഫൈനല്‍ സാധ്യതകള്‍ പരിശോധിക്കാം.
ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും നാല് തോല്‍വിയുമായി ഏഴ് പോയിന്റ് നേടി കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി അവസാന സ്ഥാനത്താണ്. തൊട്ട് മുന്നിലുള്ള തൃശൂര്‍ മാജിക് എഫ്‌സിക്ക് ഏഴും തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിക്ക് എട്ടും പോയിന്റുമാണ് ഉള്ളത്. കണ്ണൂര്‍ വാരിയേഴ്‌സിന് സെമി ഫൈനലിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ വിജയിക്കുന്നതിനൊപ്പം തൃശൂര്‍ മാജിക്, തിരുവനന്തപുരം കൊമ്പന്‍സ് എന്നീ ടീമുകളുടെ വിജയ പരാജയങ്ങളെ ആശ്രയിച്ചായിരിക്കും കണ്ണൂരിന്റെ സെമി ഫൈനല്‍ പ്രതീക്ഷ.
കണ്ണൂരിന് ഈ മാസം 15 കാലിക്കറ്റ് എഫ്‌സിക്കെയിരെയും 20 ന് ഫോഴ്‌സ കൊച്ചിക്കെതിരെയും 25 മലപ്പുറം എഫ്‌സിക്കെതിരെയുമാണ് മത്സരമുള്ളത്. അതില്‍ കാലിക്കറ്റ്, കൊച്ചി മത്സരം എവേ മത്സരമാണ്. 25 നടക്കുന്ന അവസാന മത്സരം മാത്രമാണ് ഹോം മത്സരമായിട്ടുള്ളത്. അതോടൊപ്പം പോയിന്റ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനത്ത് കാലിക്കറ്റ്, കൊച്ചി, മലപ്പുറം ടീമുകളായത് കൊണ്ട് തന്നെ കണ്ണൂരിന് മത്സരം കടുപ്പമാകും.
തിരുവനന്തപുരം കൊമ്പന്‍സിന് എതിരാളികള്‍ കൊച്ചിയും മലപ്പുറവും തൃശൂരുമാണ്. തൃശൂരിന് എതിരാളി മലപ്പുറം കാലിക്കറ്റ് തിരുവനന്തപുരവുമാണ്. ഇരുവരും തമ്മില്‍ നവംബര്‍ 27 ന് നടക്കുന്ന മത്സരം നിര്‍ണായകമായിരിക്കും. കാലിക്കറ്റ് എഫ്‌സി മാത്രമാണ് ഇതുവരെ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. മലപ്പുറം കൊച്ചി ടീമുകള്‍ ഇതുവരെ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടില്ലത്തതിനാല്‍ അവര്‍ക്കും വിജയം അനിവാര്യമാണ്. വരും ആഴ്ചയില്‍ സൂപ്പര്‍ ലീഗ് കേരളയില്‍ മത്സരം കടുക്കുമെന്നത് ഉറപ്പാണ്.