ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ റാഫി ഐച്ചസിന്റെ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു
.ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രവാസി എഴുത്തുകാരൻ റാഫി ഐച്ചസ് രചിച്ച 'അമ്മയാണ് എനിക്കിഷ്ടം', 'ഒരു ജീവിതയാത്ര' എന്നീ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നടന്നു.
പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുസ്തകങ്ങളുടെ രചയിതാവ് റാഫി ഐച്ചസിന്റെ സാന്നിധ്യത്തിൽ യു.എ.ഇയിലെ മുതിർന്ന സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനും പ്രമുഖ വ്യവസായിയുമായ എം.ജി. പുഷ്പാകരനാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി അഡ്വ. വൈ.എ. റഹീമിന് പുസ്തകങ്ങളുടെ ആദ്യപ്രതി കൈമാറിയാണ് പ്രകാശനച്ചടങ്ങ് നിർവഹിച്ചത്.
മാതൃസ്നേഹത്തിന്റെയും കുടുംബബന്ധങ്ങളുടെയും വൈകാരിക തലങ്ങൾ ആവിഷ്കരിക്കുന്നതാണ് 'അമ്മയാണ് എനിക്കിഷ്ടം' എന്ന കൃതി. ജീവിതാനുഭവങ്ങളും പ്രതിസന്ധികളും വിജയപരാജയങ്ങളും മനുഷ്യബന്ധങ്ങളിലൂടെ ആർജിച്ച തിരിച്ചറിവുകളും അക്ഷരങ്ങളിലേക്ക് പകർത്തുന്ന രചനയാണ് 'ഒരു ജീവിതയാത്ര'. സ്വന്തം ജീവിതാനുഭവങ്ങളെയും കാഴ്ചപ്പാടുകളെയും വായനക്കാരുമായി പങ്കുവെക്കാനുള്ള എഴുത്തുകാരന്റെ ശ്രമം ഈ രണ്ട് കൃതികളിലും പ്രകടമാണ്.
ചടങ്ങുകൾ ചിരന്തന പബ്ലിക്കേഷൻ ചെയർമാൻ പുന്നക്കൻ മുഹമ്മദ് അലി നിയന്ത്രിച്ചു. സാമൂഹിക പ്രവർത്തകൻ സി.പി. ജലീലും പ്രമുഖ വ്യവസായി ഷഫീഖ് ഉസ്മാനും ആശംസകൾ നേർന്നു.
സാഹിത്യത്തോടും വായനയോടുമുള്ള താൽപര്യവും ജീവിതാനുഭവങ്ങൾ അക്ഷരങ്ങളിലൂടെ അടയാളപ്പെടുത്താനുള്ള ആഗ്രഹവുമാണ് റാഫി ഐച്ചസിനെ എഴുത്തിന്റെ ലോകത്തേക്ക് നയിച്ചത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ വേദിയിൽ നടന്ന ഈ പ്രകാശനച്ചടങ്ങ് പ്രവാസി മലയാളി സാഹിത്യരംഗത്തിന് ശ്രദ്ധേയമായൊരു മുഹൂർത്തമായി.