മുഹമ്മദ് ഷിനോജ് മനോളിക്ക് നാടിന്റെ ആദരവ്; വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് മെഡൽ സമ്മാനിച്ചു

മാഹി: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവായ മുഹമ്മദ് ഷിനോജ് മനോളിക്ക് ജന്മനാടിന്റെ സ്നേഹാദരം. മയ്യഴി പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ഷിനോജിനെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനവും വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് പുരസ്കാരവും മെഡലും സമ്മാനിക്കലും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് നിർവഹിച്ചു.

മുഹമ്മദ് ഷിനോജിന്റെ മാതാപിതാക്കളായ വട്ടക്കാരി റുഖിയ, മുഹമ്മദ് മനോളി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര സമർപ്പണം നടന്നത്. പള്ളിയൻ പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽ ഗഫൂർ മണ്ടോളി സ്വാഗതം പറഞ്ഞു. ജസീമ മുസ്തഫ, താജുദ്ദീൻ കറപ്പയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുഹമ്മദ് ഷിനോജിന്റെ സ്കൂൾ കാലഘട്ടത്തിലെ ഓർമ്മകളും സവിശേഷതകളും പങ്കുവെച്ചുകൊണ്ട് അധ്യാപകരായ ചന്ദ്രൻ മാസ്റ്റർ, ഹരിദാസ് മാസ്റ്റർ, ആനന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

പൗരപ്രമുഖരും നാട്ടുകാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ വലിയൊരു ജനാവലി തന്നെ അനുമോദന ചടങ്ങിൽ പങ്കെടുത്തു. ഫുഡ് ഇൻസ്പെക്ടർ അനിൽ വിലങ്ങൽ നന്ദി രേഖപ്പെടുത്തി.