നദികളുടെ പുനരുജ്ജീവനത്തിന് പദ്ധതി; മലിനീകരണ ഉറവിടങ്ങൾ കണ്ടെത്താൻ നിർദ്ദേശം
കണ്ണൂർ: ജില്ലയിലെ നദികൾ പുനരുജീവിപ്പിക്കുന്നതിന് പദ്ധതി ഒരുങ്ങുന്നു. ഇതിൻറെ മുന്നോടിയായി വിവിധ പുഴകളിലെ മലിനീകരണ ഉറവിടങ്ങൾ കണ്ടെത്തി ആവശ്യമായ പരിഹാരനടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ പി വിഷ്ണുരാജ് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ ചേർന്ന അവലോകനയോഗത്തിലാണ് നിർദ്ദേശം നൽകിയത്.
പുഴകളുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളുടെയും കണ്ടെത്തിയ മലിനീകരണ പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിൽ തുടർനടപടികൾ യോഗം ചർച്ച ചെയ്തു.
കുപ്പം, കവ്വായി, രാമപുരം, തലശ്ശേരി, വളപട്ടണം, അഞ്ചരക്കണ്ടി, കക്കാട്, മുഴപ്പിലങ്ങാട്, പെരുമ്പ
എന്നിവിടങ്ങളിലെ പുഴകളിലെ മലിനീകരണ സാധ്യതയുള്ള പ്രദേശങ്ങൾ ഏതൊക്കെയെന്ന് യോഗം വിലയിരുത്തി. പുഴകളിൽ മലിനീകരണം കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ഡ്രെയിനേജ് വഴിയുള്ള മലിനജലമൊഴുക്ക്, സെപ്റ്റിക് ടാങ്കുകളിൽ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്ന ഇടങ്ങൾ, മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്.
മലിനീകരണത്തിന് കാരണമാകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾ നോട്ടീസ് നൽകിയിട്ടുണ്ട്. മാലിന്യസംസ്കരണത്തിന് പൊതുവായ സംവിധാനങ്ങൾ ആവശ്യമായ സ്ഥലങ്ങളിൽ അവ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും. പുഴകളിലെ മാലിന്യം നീക്കം ചെയ്യുക, നീരൊഴുക്ക് സുഗമമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. പുഴയോരത്തെ തദ്ദേശസ്ഥാപനങ്ങൾ, ഇറിഗേഷൻ വകുപ്പ്, ശുചിത്വ മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ്, ഭൂഗർഭജല വകുപ്പ്, ജലഅതോറിറ്റി എന്നീ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പുനരുജ്ജീവന പ്രവർത്തനങ്ങൾ നടപ്പാക്കുക. ആവശ്യമായ സർവേ നടപടികൾക്ക് റവന്യൂ, സർവേ വകുപ്പുകളുടെ സഹായം ഉറപ്പാക്കും. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ പിഎൻ പുരുഷോത്തമൻ, സീനിയർ എൻവയൺമെന്റ് എൻജിനീയർ സൗമ ഹമീദ്, അസിസ്റ്റന്റ് എൻവയൺമെന്റ് എൻജിനീയർ അശ്വിനി, അസിസ്റ്റന്റ് സയന്റിസ്റ്റ് വിജയദ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.