ചതിരൂർ ഊര് സന്ദർശിച്ച് ജില്ലാ കലക്ടർ; ജീവിതസാഹചര്യങ്ങൾ വിലയിരുത്തി
ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്തിലെ ചതിരൂർ 110 പട്ടികവർഗ ഊര് സന്ദർശിച്ച് കണ്ണൂർ ജില്ലാ കലക്ടർ പി. വിഷ്ണുരാജ്. ഊരിലെ ജീവിതസാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തിയ അദ്ദേഹം, വീടുകൾ സന്ദർശിക്കുകയും ഊരുനിവാസികളുമായി സംസാരിക്കുകയും ചെയ്തു.
36 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഊരിൽ നിലവിൽ 13 വീടുകളിലായി 47 കുട്ടികളടക്കം 146 പേരാണ് താമസിക്കുന്നത്. ഊരുമൂപ്പൻ ബാലന്റെ അധ്യക്ഷതയിൽ അങ്കണവാടിയിൽ ചേർന്ന യോഗത്തിൽ ഊരിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും നിവാസികളിൽ നിന്ന് സ്വീകരിച്ചു. വീടുകളുടെ നവീകരണം, കായിക സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.
തുടർന്ന് പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള പെൺകുട്ടികളുടെ വെളിമാനം പ്രീമെട്രിക് ഹോസ്റ്റലും കലക്ടർ സന്ദർശിച്ചു. ഏഴ് മുതൽ 12 വരെ ക്ലാസുകളിലായി പഠിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 42 വിദ്യാർഥിനികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. ഹോസ്റ്റലിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയ കലക്ടർ വിദ്യാർഥിനികളുമായി സംവദിക്കുകയും അവരുടെ ആവശ്യങ്ങൾ നേരിട്ട് ചോദിച്ചറിയുകയും ചെയ്തു. സയൻസ് വിഷയങ്ങളിൽ ട്യൂഷൻ സംവിധാനം, കളിസ്ഥലം, സ്പോർട്സ് ഉപകരണങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ വിദ്യാർത്ഥികൾ ഉന്നയിച്ചു. ഇവ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കാമെന്ന് ജില്ലാ കലക്ടർ ഉറപ്പു നൽകി.
അസിസ്റ്റന്റ് കലക്ടർ എസ്. സ്വാതി, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ശോഭ, പഞ്ചായത്ത് അംഗം ആശ കാപ്പുങ്കൽ, ജില്ലാ പ്രോജക്ട് ഓഫീസർ എസ്.എസ്. സുധീർ, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ കെ.എൻ. മൃദുല, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്. ഷാഹിർ എന്നിവർ ജില്ലാ കലക്ടർക്ക് ഒപ്പം ഉണ്ടായിരുന്നു.