യുഎസ് തിരഞ്ഞെടുപ്പ്;- പരാജയത്തിന് കാരണം ഇറാൻ യുദ്ധം, ഒടുവിൽ സമ്മതിച്ച്
യുഎസിലെ മിഡ് ടേം തിരഞ്ഞെടുപ്പ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ തിരിച്ചടിയായിരുന്നു. യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻമാരിൽ നിന്ന് ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. ഉപരിസഭയായ സെനറ്റിലും അധോസഭയായ ജനപ്രതിനിധിസഭയിലും വൻ ഭൂരിപക്ഷമാണ് ഡെമോക്രാറ്റിക് പാർട്ടി നേടിയത്. ഇപ്പോഴിതാ ഈ തോൽവിക്ക് കാരണം ഇറാനുമായുള്ള യുദ്ധമാണെന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് ട്രംപ്
വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഈ പരാജയത്തിന് കാരണം യുദ്ധമാണെന്ന് എക്സ് പോസ്റ്റിൽ കുറിച്ചിരുന്നു. ഇതിനെക്കുറിച്ച് വൈറ്റ് ഹൗസിൽവച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അത് ഏതാണ്ട് ശരിയാണെന്ന് ട്രംപ് സമ്മതിച്ചത്. 2024ൽ ട്രംപിനെ പിന്തുണച്ച പല വോട്ടർമാരും മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന് പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടിയെ കൈവിട്ടുവെന്നും വാൻസ് ചൂണ്ടിക്കാട്ടിയിരുന്നു.'പ രാജയത്തിൽ ഇറാൻ യുദ്ധവും ഒരു ഘടകമാണ്. ഇത് ഹ്രസ്വകാലത്തേക്ക് പെട്രോൾ വില അൽപം വർദ്ധിപ്പിച്ചു. എന്നാൽ ഇത് എനിക്ക് വീണ്ടും ചെയ്യേണ്ടിവന്നാൽ, ഞാൻ അത് ചെയ്യും. ഇറാന് ആണവായുധങ്ങൾ കൈവശം വയ്ക്കാൻ കഴിയില്ല. അല്ലെങ്കിൽ നിങ്ങൾ ഇവിടെ കാണുന്നതെല്ലാം ഒരുദിവസം ഇല്ലാതാകും. ചിലപ്പോൾ ഈ മുറി മാത്രമായിരിക്കും അവശേഷിക്കുന്നത്'- ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപും യു.എസ് കോൺഗ്രസും തമ്മിലെ ഏറ്റുമുട്ടലിനാണ് ഇനി രണ്ട് വർഷം യു.എസ് സാക്ഷിയാകുക. തീരുവ, യുദ്ധം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ട്രംപിന് തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുക്കാനാകില്ല. ഡെമോക്രാറ്റുകൾക്ക് ട്രംപിന്റെ നീക്കങ്ങളെ ചെറുക്കാം. അതേസമയം ട്രംപിന് വീറ്റോ അധികാരമുണ്ട്. 2028ലാണ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്. അതിൽ തിരിച്ചുവരാമെന്ന ആത്മവിശ്വാസമാണ് ഡെമോക്രാറ്റുകൾക്ക് ലഭിച്ചത്.