ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്: തൃശൂർ രാഗം തിയേറ്ററിൽ ഇഡി റെയ്ഡ്

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്: തൃശൂർ രാഗം തിയേറ്ററിൽ ഇഡി റെയ്ഡ്

തൃശൂർ: ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ രാഗം തിയേറ്ററിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ പരിശോധന. ജോർജേട്ടൻസ് രാഗം എന്നറിയപ്പെടുന്ന ഈ തിയേറ്റർ അടുത്തിടെയാണ് ബിഎൽഎം ഏറ്റെടുത്തത്.

സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള രാഗം തിയേറ്റർ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയതായും, എന്നാൽ ഇതിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ സൊസൈറ്റിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരിൽനിന്ന് സമാഹരിച്ച പണം സ്വകാര്യ ആവശ്യങ്ങൾക്കായി വഴിമാറ്റിയെന്ന ആരോപണങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഇഡിയുടെ ഈ നിർണായക നീക്കം. ബിഎൽഎം ചെയർമാൻ ആർ. പ്രേംകുമാറിനെതിരെയുള്ള അന്വേഷണം ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.

സൊസൈറ്റിയുടെ മറവിൽ സാധാരണക്കാരായ നിരവധി പേരിൽ നിന്നായി മുന്നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് ഇതുവരെയുള്ള കേസ്. എന്നാൽ നിക്ഷേപകരുടെ കണക്കുകൾ പ്രകാരം തട്ടിപ്പ് 5,000 കോടി രൂപ കവിയുമെന്നാണ് പരാതിക്കാരുടെ ആരോപണം. കേരള ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്ന ഈ കേസിൽ അപ്രതീക്ഷിതമായാണ് ഇഡി സംഘം പരിശോധനയ്ക്കായി എത്തിയത്. സൊസൈറ്റിയുടെ പണം ഉപയോഗിച്ച് വാങ്ങിയ മറ്റ് ആസ്തികളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇഡി വിശദമായ പരിശോധന നടത്തിവരികയാണ്.