മൂരാട് റെയിൽവേ ഗേറ്റിൽ ട്രെയിനിടിച്ച് ഒഞ്ചിയം കണ്ണൂക്കര സ്വദേശി പി.പി. സതീശന് ദാരുണാന്ത്യം.
വടകര: മൂരാട് റെയിൽവേ ഗേറ്റ് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് വ്യാപാരി മരിച്ചു. ഒഞ്ചിയം കണ്ണൂക്കര സ്വദേശിയും കോട്ടക്കൽ ബീച്ച് റോഡിലെ കോട്ടക്കൽ ട്രേഡേഴ്സ് ഉടമയുമായ കമലാ നിവാസിൽ പി.പി. സതീശൻ (54) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. കട തുറക്കുന്നതിനായി മൂരാട് ബസ് ഇറങ്ങി ഭാര്യയോടൊപ്പം നടന്നു പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
റെയിൽവേ ഗേറ്റ് കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മെമു എക്സ്പ്രസ് സതീശനെ ഇടിക്കുകയായിരുന്നു. ഉടൻ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: സുഹിത. മക്കൾ: ആഷ്ലിൻ (ബംഗളൂരു), ഷാലിൻ (വിദ്യാർഥി).