*മാഹി ശാസ്ത്രമേള: കളിക്കളത്തിന് നൂതന ആശയവുമായി കായികാദ്ധ്യാപകൻ* *കളിക്കളത്തിനായി റൂഫ് ടോപ്പ് ടർഫ് അനിവാര്യം*
മാഹി വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾക്ക് കളിക്കാൻ മൈതാനമില്ലാത്തതിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ നൂതന ആശയവുമായി ശാസ്ത്ര മേളയിൽ പ്രദർശനം. മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കായിക പരിശീലനത്തിനും കളികൾക്കുമായി മതിയായ മൈതാനമില്ലാത്ത യാഥാർത്ഥ്യം തുറന്നുകാട്ടുന്ന ശ്രദ്ധേയമായ പ്രദർശനമാണ് കായികാദ്ധ്യാപകൻ സജീന്ദ്രൻ മാസ്റ്റർ മാഹി മേഖലാ ശാസ്ത്രമേളയിൽ അവതരിപ്പിച്ചത്.
വിദേശ രാജ്യങ്ങളിലെ വിദ്യാലയങ്ങളിൽ കളിസ്ഥലം നിർബന്ധമാണെന്നിരിക്കെ, നമ്മുടെ നാട്ടിലെ എത്ര വിദ്യാലയങ്ങളിൽ കളിസ്ഥലങ്ങളുണ്ട് എന്നത് ചോദ്യ ചിഹ്നമായി കിടക്കുകയാണ്. മാഹിയിലെ പ്രൈമറി തലം മുതൽ ഹയർസെക്കണ്ടറി തലംവരെ 30 ഓളം വിദ്യാലയങ്ങൾ ഉണ്ട്. എന്നാൽ കളി സ്ഥലങ്ങളുള്ള വിദ്യാലയങ്ങൾ 3 എണ്ണം മാത്രമാണ്. അതായത് 10% വിദ്യാലയങ്ങളിൽ മാത്രമാണ് കളിസ്ഥലം ഉള്ളത്.
വിദേശ രാജ്യങ്ങളിൽ 6 വയസ്സിനും 10 വയസ്സിനു മിടയിൽ പ്രായമുള്ള കുട്ടികളെ കണ്ടെത്തി ശാസ്ത്രീയമായി പഠനം നടത്തി കായിക മേഖലയിൽ മികച്ച പരിശീലനം നൽകി, ഒളിംപിക്സ് പോലുള്ള മേളകൾക്കായി ഒരുക്കുമ്പോൾ ഇവിടെ ഒരു പ്രൈമറി വിദ്യാലയത്തിന് പോലും കളിക്കളം ഇല്ല എന്നതാണ് യാഥാർത്ഥ്യം. കായിക വിദ്യാഭ്യാസം, ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും, വൈകാരികവും സാമൂഹികവുമായ ഉന്നതിയാണ് ലക്ഷ്യമാക്കുന്നത്.
സ്പോർട്സും സയൻസും തമ്മിലുള്ള അഭേദ്യമായബന്ധം വ്യക്തമാക്കുന്നതിനൊപ്പം, കായികവികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾ എത്രത്തോളം അനിവാര്യമാണെന്നും പ്രദർശനം ചൂണ്ടിക്കാട്ടുന്നു. പരിമിതമായ സ്ഥല സൗകര്യങ്ങളുള്ള മാഹിയിലെ സർക്കാർ വിദ്യാലയങ്ങളുടെ കെട്ടിടങ്ങളുടെ മുകൾഭാഗത്ത് റൂഫ്ടോപ്പ് ടർഫ് നിർമ്മിച്ച് സുരക്ഷിതമായ ടർഫ് മൈതാനങ്ങൾ ഒരുക്കിയാൽ വിദ്യാർത്ഥികൾക്ക് മികച്ച കായിക പരിശീലനം നൽകാനാവുമെന്ന പ്രായോഗിക നിർദേശവും മൾട്ടി ലെവൽ സ്റ്റേഡിയത്തിന്റെ മാതൃകയും ശാസ്ത്ര പ്രദർശനത്തിലൂടെ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.
കായികരംഗത്തെ വളർച്ചയ്ക്ക് പ്രതിഭ മാത്രം പോരാ, അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട് എന്ന ശക്തമായ സന്ദേശമാണ് ഈ പ്രദർശനം നൽകുന്നത്. ഒരു ശാസ്ത്രപ്രദർശനത്തിനപ്പുറം, മാഹിയിലെ വിദ്യാർത്ഥികളുടെ കായികഭാവിയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചയ്ക്ക് വഴിയൊരുക്കുന്ന വേറിട്ടൊരു ആശയാവിഷ്കാരം കൂടിയാണിത്.