ജനകീയ കൂട്ടായ്മ നിവേദനം നൽകി തെരുവു നായശല്യത്തിന് പരിഹാരം കാണണം
പാനൂർ
ടൗണിലെയും പരിസര പ്രദേശങ്ങളിലെയും രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാനൂർ നഗരസഭാ സെക്രട്ടറിക്കും ചെയർപേഴ്സണും നിവേദനം നൽകി. നായയുടെ അക്രമത്തിന് ഇരയായ കുട്ടി മുഹമ്മദ് ഹംദാൻ അടക്കമുള്ള സംഘമാണ് നഗരസഭ ഓഫീസിലെത്തി നിവേദനം കൈ മാറിയത് . ടൗൺ,അയ്യപ്പ ക്ഷേത്ര പരിസരം, സ്ക്കൂൾ ഗ്രൗണ്ട്, ന്യൂക്ലിയസ് പരിസരം, ഉന്നതി ഭാഗം, കനാൽ പള്ളി പരിസരം, ശ്രീനാരായണ മഠം, പൊലീസ് ക്വാർട്ടേഴ്സ് പരിസരമടക്കം തെരുവു നായകളുടെ ശല്യം സമീപകാലത്ത് ഭയാനകമായ രീതിയിൽ വർധിച്ചിരിക്കുന്നു. കൂട്ടമായി തമ്പടിക്കുന്ന നായകൾ കാൽനടയാത്രക്കാർക്ക് നേരെ അക്രമം സ്വഭാവം കാണിക്കുകയാണ്. രാത്രികാലങ്ങളിൽ സ്ഥിതി കൂടുതൽ ആശങ്കാജനകമാണ്. വിഷയം പരിഹരിക്കുന്നതിന് നഗരസഭ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണം. സുപ്രീംകോടതി ഉത്തരവ് പ്രകാരം ജനവാസ മേഖലകളിൽ നിന്നും പരസ്യമായി നായകൾക്ക് ഭക്ഷണം നൽകരുതെന്ന നിയമം കർശനമാക്കണം.24 മണിക്കൂറും പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്ന സർക്കാർ ഉത്തരവ് പാനൂർ നഗരസഭയിൽ നടപ്പിലാക്കണം. സ്കൂൾ പരിസരം പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും അക്രമാസക്തരായ നായകളെ നീക്കം ചെയ്തു അവർക്കായി പ്രത്യേക പാർപ്പിടങ്ങൾ ഒരുക്കണം. തെരുവ് നായ നിയന്ത്രണത്തിനായുള്ള എബിസി (ആനിമൽ ബർത്ത് കൺട്രോൾ) സംവിധാനം കാര്യക്ഷമമായി നടപ്പിൽ വരുത്തണം ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനമാണ് റാസിഖ് മാടായി, റഷീദ് നായർക്കണ്ടി, കെ സന്തോഷ്,ടി റഷീദ്, ടി മജീദ്, പി മുകുന്ദൻ, കെ എം യൂസഫ്, എം വൈ സലീം,എം സലീം,അഷ്ക്കർ താഴയിൽ,അസീസ് ഇടുക്കി, റസിൻ റാസിഖ് എന്നിവർ ഉൾപ്പെടുന്ന ജനകീയ കൂട്ടായ്മ പ്രവർത്തകർ നഗരസഭയ്ക്ക് നൽകിയത്.