ടുബാക്കോ ഫ്രീ യൂത്ത് ക്യാമ്പയിൻ: മാഹിയിൽ വാക്കത്തോൺ നടത്തി
മാഹിയിൽ പുകയില വിമുക്ത യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, ടുബാക്കോ ഫ്രീ യൂത്ത് ക്യാമ്പയിൻ 4.0 ന്റെ ഭാഗമായി ജില്ലാ ടുബാക്കോ കൺട്രോൾ സെല്ലിന്റെ ആഭിമുഖ്യത്തിൽ വാക്കത്തോൺ നടത്തി. മാഹി ഗവൺമെന്റ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച വക്കത്തോൺ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ:എ.പി.ഇസ്ഹാക്, നോഡൽ ഓഫീസർ ഡോ:ബി.സതീഷ്, ഡോ:ആദിൽ വാഫി, കെ.ആദർശ്, നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ, ആശാ പ്രവർത്തകർ, എ.എൻ.എം ജീവനക്കാർ ഉൾപ്പെടെയുള്ളവർ റാലിയിൽ പങ്കെടുത്തു. പുകയില വിരുദ്ധ സന്ദേശങ്ങളും വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികൾ മൂലമുണ്ടാകുന്ന ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും അടങ്ങിയ പ്ലക്കാർഡുകൾ ഏന്തിയാണ് പങ്കെടുത്തവർ വാക്കത്തോണിൽ അണിനിരന്നത്. പ്രധാന വഴികളിലൂടെ സഞ്ചരിച്ച റാലി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ സമാപിച്ചു.