അധ്യാപക ഒഴിവുകളിൽ ഉടൻ നിയമനം നടത്തണം; അറബി ഭാഷാപഠനത്തെ തഴയരുത്; മാഹിയിൽ ഭാഷാ സംരക്ഷണ സമിതി പ്രതിഷേധ ധർണ്ണ നടത്തി
യുവതലമുറകൾക്ക് അറിവിന്റെ വെളിച്ചം പകരേണ്ട വിദ്യാലയങ്ങളിൽ അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് പൊതു വിദ്യാഭ്യാസ രംഗത്തോടുള്ള കടുത്ത അവഗണനയാണെന്നും, അറബി ഭാഷാപഠനത്തെ നിഷ്കാസനം ചെയ്യാനുള്ള നീക്കങ്ങൾ നാടിന്റെ പൈതൃകത്തോടുള്ള വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി ഭാഷാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മാഹിയിൽ പ്രതിഷേധ ധർണ്ണ നടത്തി. സർക്കർ സ്കൂളുകളിൽ ഒഴിഞ്ഞു കിടക്കുന്ന അറബിക് അധ്യാപക തസ്തികകൾ ഉൾപ്പെടെയുള്ള മുഴുവൻ അധ്യാപക ഒഴിവുകളിലും അടിയന്തരമായി നിയമനം നടത്തുക, അറബി ഭാഷാപഠനം നിർത്തലാക്കാനുള്ള ഭരണകൂട നീക്കങ്ങളിൽ നിന്ന് പിന്തിരിയുക, വിദ്യാർത്ഥികളുടെ ഭാവിയും ബഹുസ്വരതയും മുൻനിർത്തി ത്രിഭാഷാ പാഠ്യപദ്ധതിയിൽ അറബി ഭാഷയെ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. പ്രതിക്ഷേധ
ധർണ്ണ സമരം ഭാഷാ സംരക്ഷണ സമിതി വൈസ് ചെയർമാനും മുൻ നഗരസഭ കൗൺസിലറുമായ എം.പി.അഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.യൂസഫ് അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര മുഖ്യഭാഷണം നടത്തി. ചടങ്ങിൽ പി.ടി.കെ. റഷീദ്, എ.വി.ഹനീഫ, ഹാഷിം മൗലവി, വടക്കൻ ജനാർദ്ദനൻ, എ.വി.സലാം, മർസീന റഷീദ്, ഇസ്മായിൽ ചങ്ങരോത്ത്, ഷൗക്കത്ത്, വി.കെ.റഫീഖ്, പി.കെ.അൻസീർ, ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.
വഹാബ് മാസ്റ്റർ സ്വാഗതവും അഷ്റഫ് എ.പി. നന്ദിയും രേഖപ്പെടുത്തി