മാഹിയിൽ പഠിക്കുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആശ്വാസമായി ബസ് പാസ് പുനഃസ്ഥാപിച്ചു; മുൻമന്ത്രി ഇ. വത്സരാജിന് അഭിനന്ദനപ്രവാഹം

മാഹി: മാഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കേരളത്തിലെ വിദ്യാർത്ഥികളുടെ യാത്രാക്ലേശത്തിന് ആശ്വാസമായി, തടസ്സപ്പെട്ടിരുന്ന ബസ് പാസ് സംവിധാനം പുനഃസ്ഥാപിച്ചു. പോണ്ടിച്ചേരി മുൻ ആഭ്യന്തര മന്ത്രിയും മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ചെയർമാനുമായ ശ്രീ. ഇ. വത്സരാജിന്റെ നിരന്തരമായ ഇടപെടലുകളുടെയും ശ്രമങ്ങളുടെയും ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്.

മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ 90 ശതമാനത്തോളം കേരളത്തിൽ നിന്നുള്ളവരാണ്. ബസ് പാസ് ആനുകൂല്യം പുനഃസ്ഥാപിച്ചതിലൂടെ കേരളത്തിൽ നിന്നെത്തുന്ന ആയിരത്തോളം വിദ്യാർത്ഥികൾക്കാണ് വലിയ ആശ്വാസമായിരിക്കുന്നത്.

വത്സരാജ് മന്ത്രിയായിരുന്ന കാലത്താണ് മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ റെസിപ്രോക്കൽ കരാറിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ വിദ്യാർത്ഥികൾക്കായി 240-ഓളം സീറ്റുകൾ അനുവദിച്ചത്. വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും മാഹിയെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

വിദ്യാർത്ഥികളുടെ യാത്രാപ്രശ്നത്തിൽ സമയോചിതമായി ഇടപെട്ട് ബസ് പാസ് സംവിധാനം പുനഃസ്ഥാപിക്കാൻ മുൻകൈയെടുത്ത ശ്രീ. ഇ. വത്സരാജിന് വിദ്യാർത്ഥികളും രക്ഷിതാക്കളും വിവിധ സംഘടനകളും നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.