മാഹിയിൽ പുതിയ പെട്രോൾ പമ്പുകൾക്ക് എൻ.ഒ.സി. നൽകരുത്: കോൺഗ്രസ്

മാഹിയിൽ പുതിയ പെട്രോൾ പമ്പുകൾക്ക് എൻ.ഒ.സി. നൽകരുത്: കോൺഗ്രസ്

കിണർജല മലിനീകരണത്തിൽ ശാസ്ത്രീയ അന്വേഷണം വേണം; പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

മാഹി: പെട്രോൾ പമ്പുകളുടെ അനിയന്ത്രിത വ്യാപനം മാഹിയുടെ പരിസ്ഥിതിക്കും ജനങ്ങളുടെ കുടിവെള്ളസുരക്ഷയ്ക്കും ഭീഷണിയാണെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. പുതിയ പെട്രോൾ പമ്പുകൾക്ക് എൻ.ഒ.സി. അനുവദിക്കുന്നത് നിർത്തിവയ്ക്കണമെന്നും കുഞ്ഞിപ്പുരമുക്ക്, ചൊക്ലി മേഖലകളിലെ കിണർജല മലിനീകരണ ആശങ്കകളിൽ സമഗ്ര ശാസ്ത്രീയ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
2005-ൽ പുതിയ പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നതായി കോൺഗ്രസ് ആരോപിച്ചു. ബൈപ്പാസ് റോഡിനോട് ചേർന്ന പ്രദേശങ്ങളിൽ പോലും പമ്പുകൾക്ക് അനുമതി നൽകുമ്പോൾ യഥാർഥ ആവശ്യകതയും പരിസ്ഥിതി ആഘാതവും പരിഗണിക്കണം. ജനസാന്ദ്രതയേറിയ ഉൾപ്രദേശങ്ങളിൽ എൻ.ഒ.സി. അനുവദിച്ചതിന്റെ നിയമസാധുതയും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
വിവിധ ഓയിൽ കമ്പനികളിൽനിന്നായി 12 എൻ.ഒ.സി. അപേക്ഷകൾ പരിഗണനയിലുണ്ടെന്നും പത്ത് സ്ഥലങ്ങളിൽക്കൂടി പമ്പുകൾ ആരംഭിക്കാനുള്ള നീക്കമുണ്ടെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. മലിനീകരണ സാധ്യതയുള്ള കിണറുകളിൽ ടി.പി.എച്ച്., ബെൻസീൻ ഉൾപ്പെടെയുള്ള പെട്രോളിയം ഘടകങ്ങളുടെ സാന്നിധ്യം പരിശോധിക്കണം. ഭൂഗർഭ ഇന്ധനടാങ്കുകൾ, പൈപ്പ് ലൈനുകൾ, ഇന്ധനം ഇറക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയുടെ സുരക്ഷയും വിലയിരുത്തണം.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. മാർച്ചിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും.
മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ, കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സത്യൻ കേളോത്ത്, ന്യൂനപക്ഷ കോൺഗ്രസ് പ്രസിഡന്റ് വി.ടി. ഷംസുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.