ചൊക്ലി പഞ്ചായത്ത് കേരളോത്സവം; എട്ടു ദിവസങ്ങളിലായി വിവിധ മത്സരങ്ങള്‍

ചൊക്ലി: കലാ-കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും നാടിന്റെ സാംസ്‌കാരിക കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുമായി ചൊക്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവം ജനകീയ ഉത്സവമാക്കാന്‍ തീരുമാനം. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ എട്ടുവരെ വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍നിന്നും ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തല കേരളോത്സവ സംഘാടകസമിതി രൂപീകരിച്ചു.

ഒക്ടോബര്‍ 25ന് മോന്താല്‍ ടര്‍ഫില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തോടെയാണ് തുടക്കം. 26ന് നിടുമ്പ്രം മൊയാരം ഇന്‍ഡോര്‍ കോര്‍ട്ടില്‍ ഷട്ടില്‍ മത്സരങ്ങള്‍ നടക്കും. 28ന് കീഴ്മാടം അസ്‌കോ ടര്‍ഫില്‍ ഫുട്‌ബോള്‍ മത്സരവും 29ന് നിടുമ്പ്രം മാസ് ക്ലബ്ബില്‍ കബഡി മത്സരവും സംഘടിപ്പിക്കും.
ഒക്ടോബര്‍ 31ന് നിടുമ്പ്രം ചാത്തുപിടികയിലെ സ്ഫടികം ക്ലബ്ബില്‍ വടംവലി മത്സരവും നവംബര്‍ ഒന്നിന് ചൊക്ലി കാഞ്ഞിരത്തില്‍ കീഴിലെ ആര്‍ വി എച്ച് എസ് എസില്‍ വോളിബോള്‍ മത്സരവും നടക്കും. നവംബര്‍ ഏഴിന് പള്ളൂര്‍ വി എന്‍ പുരുഷോത്തമന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങളും എട്ടിന് ചൊക്ലി വി പി ഒ എച്ച് എസില്‍ കലാമത്സരങ്ങളും അരങ്ങേറും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ അനൂപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘാടകസമിതിയാണ് കേരളോത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കി കലാ-കായിക മികവിനൊപ്പം നാടിന്റെ ഐക്യവും കൂട്ടായ്മയും ആഘോഷമാക്കാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.