ക്യാമ്പസ് ചരിത്രത്തിലെ സുവർണ്ണ അധ്യായം: പള്ളൂർ കോ-ഓപ്പറേറ്റീവ് കോളേജിൽ 'സ്റ്റെല്ലാർ' പ്ലേസ്‌മെന്റ് ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു

ക്യാമ്പസ് ചരിത്രത്തിലെ സുവർണ്ണ അധ്യായം: പള്ളൂർ കോ-ഓപ്പറേറ്റീവ് കോളേജിൽ 'സ്റ്റെല്ലാർ' പ്ലേസ്‌മെന്റ് ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു

മാഹി: പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് ടെക്നോളജിയിലെ പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പസ് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾക്കായുള്ള 'സ്റ്റെല്ലാർ' പ്ലേസ്‌മെന്റ് അനുമോദന ചടങ്ങ് കോളേജ് ക്യാമ്പസിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. സെപ്റ്റംബർ 25 മുതൽ 30 വരെ കാമ്പസിൽ വെച്ച് വിജയകരമായി സംഘടിപ്പിച്ച വിപുലമായ പ്ലേസ്‌മെന്റ് ഡ്രൈവുകളുടെ ഔദ്യോഗിക സമാപനത്തോടനുബന്ധിച്ചാണ് ഈ ആദരിക്കൽ ചടങ്ങ് ഒരുക്കിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. സി.ജി. ലക്ഷ്മീദേവി ചടങ്ങിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ മാഹി മുനിസിപ്പൽ കമ്മീഷണർ ശ്രീ. പി.കെ. ശ്രീജിത്ത് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ എം.സി.സി.ഐ.ടി പ്രസിഡന്റ് ശ്രീ. സജിത് നാരായണൻ, കോളേജിന്റെ സ്ഥാപകനും മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രിയുമായ ശ്രീ. ഇ.വത്സരാജിന്റെ ദീർഘവീക്ഷണത്തോടെയുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സുവർണ്ണ നേട്ടത്തിലിന്നെത്തി നിൽക്കുന്നതെന്നും അദ്ദേഹത്തിന്റെ വലിയൊരു സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. ക്യാമ്പസിനകത്തു തന്നെ ഇത്തരം നൂതനമായ തൊഴിൽ വിന്യാസ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുക എന്നത് കനത്ത വെല്ലുവിളികൾ നിറഞ്ഞതാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇതിനായി അഹോരാത്രം കഠിനാധ്വാനം ചെയ്ത കോ-ഓർഡിനേറ്റർമാരെയും അധ്യാപകരെയും പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച മുൻ മാഹി നിയമസഭാംഗം ശ്രീ. രമേശ് പറമ്പത്ത്, വിദ്യാർത്ഥികളുടെ തൊഴിൽ നേട്ടങ്ങളെയും കോളേജിന്റെ വികസന മുന്നേറ്റങ്ങളെയും പ്രകീർത്തിച്ചു സംസാരിക്കുകയും മികച്ച കമ്പനികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മിടുക്കർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ എം.സി.സി.ഐ.ടി വൈസ് പ്രസിഡന്റ് ശ്രീ. എം.കെ. ശ്രീജേഷ്, ശ്രീ. ടി.കെ. സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ഇന്ത്യൻ പേറ്റന്റ് ലഭിച്ച സവിശേഷമായ രക്ഷാവാഹന സാങ്കേതികവിദ്യ വികസിപ്പിച്ച കോളേജിലെ മുൻ ബി.സി.എ. വിദ്യാർത്ഥി മുഹമ്മദ് അജ്മലിനെ ഉപഹാരം നൽകി ആദരിച്ചു. പ്ലേസ്മെൻ്റ് സെൽ കോ-ഓർഡിനേറ്ററും കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ശ്രീ പി.കെ. ഷിനൂപ് നന്ദി രേഖപ്പെടുത്തി. കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ ചടങ്ങിൽ സന്നിഹിതരായി