മാഹി ബീച്ചിനെ കലാ-സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രമാക്കും. ആഴ്ചതോറും കലാ-വിനോദ പരിപാടികൾ സംഘടിപ്പിക്കാൻ പദ്ധതി

മാഹി: മാഹി ബീച്ചിനെ കലയും സംഗീതവും സൗഹൃദവും ഒത്തുചേരുന്ന ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായി ആഴ്ചതോറും കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ കൂട്ടായ്മ രൂപീകരിക്കുമെന്ന് മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ അറിയിച്ചു.

മാഹിയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാഹി ബീച്ചിൽ കരോക്കെ ഗാനമേളയ്ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെ സംഗീത പരിപാടികളും മറ്റ് വിനോദ പരിപാടികളും സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ, യുവജനങ്ങൾ, സാമൂഹിക സംഘടനാ പ്രതിനിധികൾ, ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർ എന്നിവരെ പങ്കെടുപ്പിച്ച് യോഗം ചേരും. കൂട്ടായ ചർച്ചകളിലൂടെ ആശയങ്ങൾ രൂപപ്പെടുത്തുകയും എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് ജനകീയ സംരംഭമായി പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യും.

മാഹിയുടെ കലാ-സാംസ്കാരിക പൈതൃകവും പ്രകൃതിഭംഗിയും വിനോദസഞ്ചാര സാധ്യതകളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പത്ര-ദൃശ്യ-ഓൺലൈൻ മാധ്യമങ്ങളുടെ സഹകരണവും പിന്തുണയും അദ്ദേഹം അഭ്യർഥിച്ചു.