കുട്ടികളുടെ മനസ്സറിഞ്ഞ് ഇടപെടാൻ അമ്മമാർക്ക് കഴിയണം – സി.വി. രാജൻപെരിങ്ങാടി

കുട്ടികളുടെ മനസ്സറിഞ്ഞ് ഇടപെടാൻ അമ്മമാർക്ക് കഴിയണം – സി.വി. രാജൻപെരിങ്ങാടി

മികവു തെളിയിച്ച മൂന്ന് പ്രതിഭകളെ അനുമോദിച്ചു

മാഹി: കുട്ടികളുടെ തെറ്റുകൾ അപ്പപ്പോൾ തിരിച്ചറിഞ്ഞ് അവരുമായി സംസാരിച്ച് തിരുത്താൻ രക്ഷിതാക്കൾക്ക്, പ്രത്യേകിച്ച് അമ്മമാർക്ക്, കഴിയണമെന്ന് സി.വി. രാജൻ പെരിങ്ങാടി പറഞ്ഞു. കുട്ടികളുടെ തെറ്റുകൾ മറച്ചുവെക്കുന്നതിനു പകരം അവരുമായി തുറന്നു സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കണം. കുട്ടികളുടെ മനസ്സിനൊപ്പം അമ്മമാരുടെ മനസ്സും സഞ്ചരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കവിയൂർ സ്കന്ദതാരക ബ്രഹ്മക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ച മൂന്ന് പ്രതിഭകളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കമ്മിറ്റി പ്രസിഡന്റ് രതീഷ് ബാബു അധ്യക്ഷത വഹിച്ചു.
57-ാം വയസ്സിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സവിത സുരേഷ്, കണ്ണൂർ ജില്ല ഇൻക്ലൂസീവ് സ്പോർട്സ് മീറ്റിൽ അണ്ടർ 14 വിഭാഗം 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീവേദ് സുജേഷ്, ചൊക്ലി ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്നിഥിക് എ. എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഭാസ്കരൻ മാസ്റ്റർ നടക്കൽ, ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ദാമോദരൻ പി. എന്നിവർ ആശംസകൾ നേർന്നു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സജിത്ത് കുമാർ പി. സ്വാഗതവും കമ്മിറ്റി അംഗം വനജ നിടുമ്പ്രത്ത്കണ്ടി നന്ദിയും പറഞ്ഞു.


ചിത്ര വിവരണം : 57-ാം വയസ്സിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സവിത സുരേഷിനെ സി.വി. രാജൻ പെരിങ്ങാടി ഉപഹാരം നൽകി ആദരിക്കുന്നു.