പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് അഴിമതിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് തിരിച്ചടി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതി തേടി പിണറായി വിജയന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. നിയമപരമായി എഫ്ഐആർ ഇട്ട സാഹചര്യത്തിൽ അപ്പീൽ അനുമതി അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിണറായി വിജയന് പുറമെ, മകള്‍ ടി വീണ, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് ഹര്‍ജി നൽകിയത്. പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തതിനെതിരെ നിയമപരമായോ ഭരണഘടനാപരമായോ ഉള്ള പ്രതിവിധികൾ തേടുന്നതിനുള്ള അപേക്ഷകരുടെ അവകാശത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവ് തടസപ്പെടുത്തുന്നില്ലെന്ന് നിരീക്ഷിച്ച കോടതി ഈ സാഹചര്യത്തിൽ അപ്പീൽ നൽകാൻ അനുമതി തേടിയുള്ള എല്ലാ ഹർജികളും നിരസിക്കുകയാണെന്ന് വ്യക്തമാക്കി.ജസ്റ്റിസുമാരായ കെ നടരാജന്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. സിംഗിള്‍ ബെഞ്ച് പരിഗണിച്ച ഹര്‍ജിയില്‍ പിണറായി വിജയന്‍ അടക്കമുള്ളവര്‍ കക്ഷിയല്ലാത്തതിനാല്‍ ഫയലില്‍ സ്വീകരിക്കണമെങ്കില്‍ ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം ഉണ്ടാകണം. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ഇഡി, സിംഗിള്‍ ബെഞ്ചിലെ ഹര്‍ജിക്കാരന്‍ എന്നിവരെ ഡിവിഷന്‍ ബെഞ്ച് വിശദമായി കേട്ടിരുന്നു.

തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാർ വാദിച്ചത്. സംസ്ഥാന സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇത് പരി​ഗണിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാനില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. വിധി പിണറായിയെ പിന്തുണച്ച സർക്കാരിനും തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ വിജിലൻസിന് അന്വേഷണവുമായി മുന്നോട്ടുപോകാം.

സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച പ്രാഥമികാന്വേഷണത്തിനായുള്ള എസ്‌ഐടി റദ്ദാക്കി, ഇഡി നല്‍കിയ കത്തില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഇഡി നൽകിയ കത്തുപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത് കെഎം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സിഎംആര്‍എല്‍ ഇടപാടില്‍ വിജിലന്‍സ് രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഒന്നിൽ പിണറായി വിജയനും, രണ്ടാമത്തേതിൽ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി. ടി വീണ രണ്ടു കേസിലും രണ്ടാം പ്രതിയാണ്. അഴിമതി തടയല്‍ നിയമപ്രകാരമാണ് പിണറായിക്കെതിരെ കേസെടുത്തിട്ടുള്ളത്.

പിണറായിക്കും റിയാസിനുമെതിരേ കേസെടുത്ത് ഇ ഡി

അതിനിടെ സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. വിജിലൻസ് എഫ്‌ഐആറിന്റെ ചുവട് പിടിച്ച് രണ്ട് ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ്. അഴിമതി, ഹവാല ആരോപണങ്ങളിൽ നേരത്തേ വിജിലൻസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡിയും കേസെടുത്തിരിക്കുന്നത്.