മാഹി തിരുനാൾ നഗരപ്രദക്ഷിണത്തിൽ ആയിരങ്ങൾ; മതസൗഹാർദത്തിന്റെ സന്ദേശമായി മയ്യഴിയുടെ തെരുവീഥികൾ

മാഹി തിരുനാൾ നഗരപ്രദക്ഷിണത്തിൽ ആയിരങ്ങൾ; മതസൗഹാർദത്തിന്റെ സന്ദേശമായി മയ്യഴിയുടെ തെരുവീഥികൾ

അമ്മ ത്രേസ്യയ്ക്ക് ക്ഷേത്രങ്ങളിലും സ്വീകരണം; റീജണൽ അഡ്മിനിസ്ട്രേറ്റർ പുഷ്പമാല ചാർത്തി

മാഹി: വിശ്വാസത്തിന്റെ ദീപനാളങ്ങളും പ്രാർഥനാമന്ത്രങ്ങളും നിറഞ്ഞ മയ്യഴിയുടെ തെരുവീഥികളിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം ഭക്തിസാന്ദ്രമായി. ജാതിമതഭേദമന്യേ ആയിരങ്ങൾ പങ്കെടുത്ത പ്രദക്ഷിണം മാഹിയുടെ മതസൗഹാർദത്തിന്റെയും വിശ്വാസസമന്വയത്തിന്റെയും നേർക്കാഴ്ചയായി.

മാഹി സെന്റ് തെരേസാ ബസിലിക്കയിൽ തിരുനാൾ ജാഗരദിനമായ ഇന്നലെ കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ. ഡോ. ജെൻസൺ പുത്തൻവീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടന്നു. ഫാ. ബിനോയ് എബ്രഹാം, ഫാ. ഗ്രേഷ്യസ് ടോണി നെവസ്, ഫാ. ജോസ് യേശുദാസ്, ഫാ. മാത്യു, ഫാ. സ്കറിയ എന്നിവരും ഡീക്കന്മാരായ ജോണി അരഞ്ഞാണിയിലും ആന്റണി കുന്നുംപുറവും സഹകാർമികരായി. തുടർന്ന് നൊവേനയും ദിവ്യകാരുണ്യ ആശീർവാദവും നടന്നു.

രാത്രി ഏഴോടെ ബാൻഡ് മേളം, കുരിശുവാഹകർ, ചെണ്ടമേളം, കൊമ്പിരി എന്നിവയുടെ അകമ്പടിയോടെയാണ് ദീപാലംകൃതമായ രഥത്തിൽ വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം ആരംഭിച്ചത്. കൈകളിൽ മെഴുകുതിരികളേന്തി പ്രാർഥനാപൂർവം ആയിരങ്ങൾ പ്രദക്ഷിണത്തെ അനുഗമിച്ചു.

മുണ്ടോക്ക് ജങ്ഷൻ, കെ.ടി.സി. ജങ്ഷൻ, പോലീസ് സ്റ്റേഷന് മുന്നിലൂടെ ടാഗോർ പാർക്ക്, മൈതാനം റോഡ്, ആശുപത്രി ജങ്ഷൻ, പാറക്കൽ–പൂഴിത്തല റോഡ്, ചൂടിക്കോട്ട, ആശുപത്രി പരിസരം, ലാഫാർമ്മ റോഡ്, വേണുഗോപാലാലയ ക്ഷേത്രത്തിന് മുന്നിലൂടെ ഇന്ത്യൻ ബാങ്ക് റോഡ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച പ്രദക്ഷിണം രാത്രി പന്ത്രണ്ടോടെ ബസിലിക്കയിൽ സമാപിച്ചു.

ക്ഷേത്രങ്ങളിലും സ്വീകരണം

നഗരപ്രദക്ഷിണത്തിനിടെ മാഹി ഗവൺമെന്റ് ഓഫീസിലെത്തിയ വിശുദ്ധയുടെ തിരുസ്വരൂപത്തിൽ റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐഎഎസ് പുഷ്പമാല ചാർത്തി ആദരമർപ്പിച്ചു. കുറുമ്പ ഭഗവതി ക്ഷേത്രം, മാഹി ശ്രീകൃഷ്ണ ക്ഷേത്രം,വേണുഗോപാലാലയ ക്ഷേത്രം എന്നിവിടങ്ങളിലും വിശുദ്ധയ്ക്ക് സ്വീകരണം നൽകി. ക്ഷേത്രങ്ങളിലെ പൂജാരിമാർ തിരുസ്വരൂപത്തിൽ പുഷ്പമാല ചാർത്തി. വിവിധ മതവിശ്വാസികൾ ഒരുമിച്ച് അണിനിരന്നത് മാഹിയുടെ മതസൗഹാർദത്തിന്റെ ഉജ്ജ്വല സന്ദേശമായി.

തിരുനാളിനോടനുബന്ധിച്ച് പുതുച്ചേരി പോലീസിന്റെ നേതൃത്വത്തിൽ നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.

ഇന്ന് പ്രധാന തിരുനാൾ

ഇന്ന് പ്രധാന തിരുനാൾ ദിനത്തിൽ പുലർച്ചെ ഒന്നുമുതൽ ആറുവരെ വിശ്വാസികളുടെ ഉരുൾനേർച്ചയും ശയനപ്രദക്ഷിണവും നടക്കും. രാവിലെ 10.30-ന് കോഴിക്കോട് അതിരൂപത മെത്രാപ്പൊലീത്ത ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കും. വൈകിട്ട് അഞ്ചിന് മേരി മാതാ കമ്യൂണിറ്റി ഹാളിൽ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ സ്നേഹസംഗമം നടക്കും. മാഹി എംഎൽഎ ടി. അശോക് കുമാർ, എഴുത്തുകാരൻ എം. മുകുന്ദൻ, മുൻമന്ത്രി ഇ. വത്സരാജ് തുടങ്ങിയവർ പങ്കെടുക്കും.

തിരുനാളിന്റെ ഭാഗമായി 16-ന് തമിഴിലും 17-ന് ഫ്രഞ്ചിലും ദിവ്യബലി അർപ്പിക്കും. 18-ന് വിജയപുരം രൂപത മെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടക്കും. 21-ന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ കാർമികത്വത്തിൽ സീറോ മലബാർ റീത്തിലുള്ള ദിവ്യബലിയും നടക്കും. ഒക്ടോബർ അഞ്ചിന് കൊടിയേറിയ തിരുനാൾ ആഘോഷങ്ങൾ 22-ന് വിശുദ്ധയുടെ തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റുന്നതോടെ സമാപിക്കും.