ഭാവി ലോകത്തേക്ക് കുട്ടികൾക്ക് വഴികാട്ടിയായി ശിൽപശാല:-
മാഹി: ഭാവിയിലെ വിജയത്തിലേക്കുള്ള ശരിയായ വഴികൾ തിരഞ്ഞെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മാഹി മേഖലയിലെ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ശിൽപശാല സംഘടിപ്പിച്ചു. അബൂദബി മാഹി വെൽഫെയർ അസോസിയേഷനും (AMWA), സി.ജി.(CIGI) മാഹി ചാപ്റ്ററും സംയുക്തമായി ‘What Next? What for Future?’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങൾ, ഭാവിയിൽ തുറന്നുവരുന്ന തൊഴിൽ സാധ്യതകൾ, നിലവിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ട രീതികൾ, ഭാവിയിലെ വിജയത്തിന് ആവശ്യമായ കഴിവുകൾ (Skills) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുകയായിരുന്നു ശിൽപശാലയുടെ പ്രധാന ലക്ഷ്യം. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി പ്രത്യേക ചോദ്യോത്തരവേളയും ഒരുക്കിയിരുന്നു.
മാഹി ഡയാലിസിസ് സെന്ററിൽ നടന്ന പരിപാടിയിൽ സി.ജി. മാഹി ചാപ്റ്റർ പ്രസിഡന്റ് ടി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സി.ജി. കരിയർ കൗൺസിലറും മോട്ടിവേറ്ററുമായ ജംഷീദ മോൾ ക്ലാസിന് നേതൃത്വം നൽകി. കോ-ഓർഡിനേറ്റർ റഫീദ മജീദ് സ്വാഗതവും ലുബ്ന നന്ദിയും പറഞ്ഞു.
കുട്ടികളുടെ അഭിരുചികളും കഴിവുകളും കണ്ടെത്തി വളർത്തുന്നതിനും, ഭാവിയിലെ തൊഴിൽ സാധ്യതകൾക്ക് അവരെ സജ്ജരാക്കുന്നതിനുമായി മാഹിയിൽ ഒരു 'സ്കിൽ ഡെവലപ്‌മെന്റ് സെന്റർ' സ്ഥാപിക്കുക എന്ന വലിയ ലക്ഷ്യത്തിന്റെ ആദ്യപടിയായാണ് ശിൽപശാല സംഘടിപ്പിച്ചത്. മാഹി, അഴിയൂർ, ന്യൂ മാഹി പ്രദേശങ്ങളിലെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.