മാഹി തിരുനാൾ: ഭക്ഷ്യസുരക്ഷയും വിലക്കയറ്റവും ഉറപ്പാക്കാൻ കർശന പരിശോധനവേണം
മാഹി:ചരിത്രപ്രസിദ്ധമായ മാഹി പള്ളിയിലെ തിരുനാൾ മഹോത്സവത്തിന് തുടക്കമായതോടെ മാഹിയിലും പരിസരപ്രദേശങ്ങളിലും ആവേശകരമായ അന്തരീക്ഷം രൂപപ്പെട്ടിരിക്കുകയാണ്. മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് തീർഥാടകരും സന്ദർശകരുമാണ് മാഹിയിലേക്ക് ഒഴുകിയെത്തുന്നത് ഇവരെ സ്വീകരിക്കാനായി .വൈവിധ്യമാർന്ന സ്റ്റാളുകളും വിനോദകേന്ദ്രങ്ങളും നഗരത്തിലുടനീളം സജ്ജമായിക്കഴിഞ്ഞു.
എന്നാൽ ആഘോഷങ്ങളുടെ മറവിൽ അമിതവില ഈടാക്കുന്നതും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതും പൊതുജനങ്ങളിൽ വലിയ ആശങ്ക ഉയർത്തുന്നുണ്ട്. വലിയ തുകയ്ക്ക് സ്റ്റാളുകൾ ലേലം ചെയ്തു നൽകുന്നതോടെ അധികൃതരുടെ ചുമതല അവസാനിക്കുന്നില്ലെന്നും, ഉത്സവപ്പറമ്പുകളിലെ ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ ശക്തമായ ഇടപെടൽ വേണമെന്നും ജനശബ്ദം മാഹി പ്രസിഡണ്ട് ചാലക്കര പുരുഷുവും ,ജനറൽ സെക്രട്ടറി ഇ.കെ. റഫീഖും അധികൃതരോടാവശ്യപ്പെട്ടു.
ആരോഗ്യസുരക്ഷയും ഗുണനിലവാരവും
താൽക്കാലികമായി ഉയരുന്ന ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന വെള്ളം, എണ്ണ, ഐസ്‌ക്രീം മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഗുണമേന്മ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ശുചിത്വമില്ലാത്ത സാഹചര്യത്തിൽ തയാറാക്കുന്ന ഭക്ഷണവും മലിനമായ വെള്ളവും വലിയ തോതിലുള്ള രോഗപ്പകർച്ചയ്ക്ക് കാരണമായേക്കാം. താൽക്കാലിക സ്റ്റാളുകളിൽ മാത്രമല്ല, നഗരത്തിലെ സ്ഥിരം ഹോട്ടലുകൾ,ബേക്കറികൾ, ബാറുകൾ എന്നിവിടങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കണം.
അളവിലും തൂക്കത്തിലും കൃത്രിമം; ലേബലില്ലാത്ത കൊള്ളലാഭം
ചില വ്യാപാരികൾ ജനത്തിരക്ക് മുതലെടുത്ത് കൊള്ളലാഭം കൊയ്യുന്നതായും പരാതികളുണ്ട്. 50 ഗ്രാം തികച്ചും ഇല്ലാത്ത പോപ്പ്കോണിന് 50 രൂപ വരെ ഈടാക്കുന്ന പ്രവണതയുണ്ട്. ഉൽപ്പന്നങ്ങളുടെ അളവും തൂക്കവും കൃത്യമാണെന്ന് ഉറപ്പുവരുത്താൻ ലീഗൽ മെട്രോളജി വിഭാഗം കർശന നിലപാട്സ്വീകരിക്കണം.
തിരുനാൾ ദിനങ്ങളിൽ സർപ്രൈസ് പരിശോധനകൾ നടത്താൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കണം. താൽക്കാലിക കടകൾക്കും റെസ്റ്റോറന്റുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കുക.
മാഹി നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷണസാധനങ്ങൾക്കും വിനോദങ്ങൾക്കും കൃത്യമായ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കണം.
പരാതികൾ ഉടനടി അറിയിക്കാൻ താത്കാലിക കൗണ്ടറുകളോ ഹെൽപ്പ് ലൈൻ നമ്പറുകളോ സജ്ജമാക്കണം.
മറ്റൊരു മനുഷ്യന്റെ ആരോഗ്യം പണയം വെച്ച് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നത് വലിയ സാമൂഹിക വിപത്താണ്. ആഘോഷങ്ങൾ നാടിന്റെ നന്മയ്ക്കും ഒത്തൊരുമയ്ക്കും വേണ്ടിയുള്ളതാവണം. ജനങ്ങളുടെ ആരോഗ്യവും പോക്കറ്റും കവരുന്ന ഇത്തരം പ്രവണതകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.